yellow-fungus

തിരുവനന്തപുരം: കൊവിഡിനു പിന്നാലെ ബ്ലാക്ക് ഫം​ഗസ്, വെെറ്റ് ഫം​ഗസ് വ്യാപനവും രൂക്ഷമായിരിക്കെ രാജ്യത്ത് യെല്ലോ ഫം​ഗസ് ബാധയും റിപ്പോർട്ട് ചെയ്തു. ഉത്തർപ്രദേശിലെ ​ഗാസിയാബാദിൽ നിന്നാണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. മറ്റു രണ്ടു ഫം​ഗൽ ബാധകളേക്കാൾ ​ഗുരുതരമാണ് യെല്ലോ ഫംഗസ് ബാധയെന്നാണ് വിദ​ഗ്‍ദ്ധാഭിപ്രായം.

ബ്രിജ്പാല്‍ ഇ.എന്‍.ടി ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന 45 വയസുകാരനിലാണ് യെല്ലോ ഫം​ഗസ് ബാധ കണ്ടെത്തിയിരിക്കുന്നത്. നേരത്തെ ഈ രോ​ഗിയിൽ ബ്ലാക്ക് ഫംഗസ്, വൈറ്റ് ഫംഗസ് ബാധയും സ്ഥിരീകരിച്ചിരുന്നു. സാധാരണയായി യെല്ലോ ഫംഗസ് ഉരഗവര്‍ഗങ്ങളിലാണ് കാണപ്പെടുക. ആദ്യമായാണ് രാജ്യത്ത് മനുഷ്യരിൽ യെല്ലോ ഫം​ഗസ് ബാ‍ധിച്ചതായി അറിയുന്നതെന്ന് രോ​ഗിയെ ചികിത്സിക്കുന്ന ഡോക്ടര്‍ ബി.പി. ത്യാഗി ദേശീയ മാദ്ധ്യമങ്ങളോട് പറഞ്ഞു.

ആന്റി-ഫം​ഗൽ കുത്തിവയ്പ്പ് ആംഫോടെറാസിൻ ബി ഈ ഫം​ഗൽ ബാധയ്ക്കെതിരെയും ഫലപ്രദമാണെന്ന് കരുതുന്നതായി ഡോ. ത്യാ​ഗി പറഞ്ഞു. ശുചിത്വക്കുറവോ ശുദ്ധമല്ലാത്ത ഭക്ഷണോ കഴിക്കുന്നതോ യെല്ലോ ഫം​ഗസ് ബാധയ്ക്ക് കാരണമാകാമെന്നാണ് നിഗമനം. സ്റ്റിറോയിഡുകളുടെ അമിത ഉപയോഗവും ആന്റി ഫംഗല്‍ മരുന്നുകളുടെ കൂടിയ ഉപയോഗവും കൊവിഡ് രോഗികളിൽ പെട്ടെന്നുളള ഇത്തരം രോ​ഗങ്ങളുടെ കുതിച്ചു ചാട്ടത്തിന് കാരണമാകാമെന്നും ത്യാഗി അഭിപ്രായപ്പെട്ടു.

കടുത്ത ക്ഷീണം, ഭാരം കുറയുക, വിശപ്പില്ലായിമ എന്നിവയാണ് യെല്ലോ ഫംഗസിന്റെ ചില ലക്ഷണങ്ങള്‍. രോഗിയുടെ ഭാരം അതിവേഗം കുറയുകയും രോഗബാധ ​ഗുതുതരമാകുകയും ചെയ്താൽ, ഇത് പിന്നീട് ആന്തരിക രക്തസ്രാവത്തിനും ഒന്നിലധികം അവയവങ്ങളുടെ പരാജയത്തിനും കാരണമാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു.