kk

തിരുവനന്തപുരം: ലക്ഷദ്വീപിൽ അഡ്മിനിസ്‌ട്രേറ്റർ സ്വീകരിക്കുന്ന നടപടികൾക്ക് പിന്നിൽ സങ്കുചിത താത്പര്യങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇത് തീർത്തും അപലപനീയമാണെന്നും ഈ നപടികളിൽനിന്ന് ബന്ധപ്പെട്ടവർ പിൻവാങ്ങണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ലക്ഷദ്വീപിൽനിന്നു വരുന്ന വാർത്തകൾ അതീവ ഗൗരവുമുള്ളതാണ്. അവിടുത്തെ ജനങ്ങളുടെ സംസ്‌കാരത്തിനും ജീവിതത്തിനും വെല്ലുവിളിയുയർത്തുന്ന സാഹചര്യമാണ് ഇപ്പോൾ ഉണ്ടാവുന്നത്. അത്തരം നീക്കങ്ങൾ ഒരുതരത്തിലും അംഗീകരിക്കാൻ കഴിയാത്തതാണ്. ലക്ഷദ്വീപും കേരളവുമായി ദീർഘകാലത്തെ ബന്ധമാണുള്ളത്. ഒരു ഘട്ടത്തിൽ നമ്മുടെ സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു അവർ. കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലൊക്കെയാണ് അവർ ചികിത്സയ്ക്കും മറ്റും വരാറുള്ളത്. കേരളത്തിലാകെ ലക്ഷദ്വീപിൽനിന്നുള്ള ധാരാളം വിദ്യാർത്ഥികളുണ്ട്. പരസ്പര സഹകരണത്തിലൂടെയാണ് ദ്വീപുനിവാസികളും നമ്മളും മുന്നോട്ടുപോകുന്നത്. ഇത് തകർക്കാൻ ഗൂഢ ശ്രമം നടക്കുന്നതായാണ് വാർത്തകളിൽ കാണുന്നത്. അത് സങ്കുചിത താൽപര്യങ്ങൾക്ക് വഴങ്ങിക്കൊണ്ടാണ് അത്തരം നിലപാടുകൾ. അത് തീർത്തും അപലപനീയമാണ്. ഇത്തരം നീക്കങ്ങളിൽനിന്ന് ബന്ധപ്പെട്ടവർ പിൻവാങ്ങണം എന്നുതന്നെയാണ് അഭിപ്രായമെന്നും മുഖ്യമന്ത്രി പറഞ്ഞു.