തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയത്തിൽ കേരളത്തിൽ ചിലർ നടത്തുന്ന അസത്യ പ്രചരണം അവസാനിപ്പിക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. ദേശസുരക്ഷയും വികസനവുമാണ് മോദി സർക്കാരിൻ്റെ നയം. ദ്വീപിലെ ജനങ്ങളുടെ സുരക്ഷയും വികസനവും ഉറപ്പ് വരുത്തുകയാണ് കേന്ദ്രസർക്കാരിൻ്റെ ലക്ഷ്യം. അഡ്മിനിസ്ട്രേറ്റർ പ്രവർത്തിക്കുന്നത് ഇതിന് വേണ്ടിയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
ദ്വീപിലെ ചില ജനവാസമില്ലാത്ത സ്ഥലങ്ങളിൽ തീവ്രവാദ പ്രവർത്തനങ്ങളും മയക്കുമരുന്ന്ക്കടത്തും നടക്കുന്നുണ്ടെന്ന വാർത്ത മാദ്ധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. ഇത്തരം വിധ്വംസക പ്രവർത്തനങ്ങൾ കേന്ദ്രസർക്കാർ അനുവദിക്കില്ല. എന്നാൽ ഇതെല്ലാം ഒരു മതവിഭാഗത്തിന് എതിരാണെന്ന് വരുത്തി തീർക്കാനാണ് കേരളത്തിലെ ചിലർ ശ്രമിക്കുന്നത്. കവരത്തി വിമാനത്താവളത്തിൻ്റെ വികാസത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങളെ തുരങ്കംവെക്കുകകയാണ് ഇവരുടെ ലക്ഷ്യം. കവരത്തി വിമാനത്താവളത്തിൻ്റെ വികസനം യാഥാർത്ഥ്യമാവുന്നതോടെ ലക്ഷദ്വീപിൻ്റെ മുഖച്ഛായ മാറും. ദ്വീപിനെ രാജ്യാന്തര നിലവാരമുള്ള വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്. വർഗീയ ലക്ഷ്യത്തോടെ അസത്യം പ്രചരിപ്പിക്കുന്നവരുടെ ലക്ഷ്യം ലക്ഷദ്വീപിൻ്റെ വികസനമുരടിപ്പാണ്. ഗുജ്റാത്തുകാരനാണെന്ന ഒറ്റ കാരണത്താലാണ് ദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെ ചിലർ എതിർക്കുന്നത്. കേരളത്തിലിരുന്ന് വർഗീയമായി ജനങ്ങളെ ഭിന്നിപ്പിക്കാൻ വേണ്ടി ചിലർ ലക്ഷദ്വീപിൻ്റെ പേര് അനാവശ്യമായി ഉപയോഗിക്കുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.