വീട്ടിലും വസ്തുവിലുമുള്ള ഊർജപ്രസരണ തുടർച്ചയാണ് ഇക്കുറിയും. നേർ തെക്കുനിന്നും നേർവടക്കിലേയ്ക്ക് പ്രവഹിക്കുന്ന ഊർജത്തെ ഇക്കുറി പരിശോധിക്കാം. സൂര്യ കിരണങ്ങൾ ഏറ്റവും ശക്തിയാർജ്ജിക്കുന്ന വേളയാണല്ലോ നട്ടുച്ച നേരം. അതായത് ഉച്ചയ്ക്ക് 11.40 നും 2.30 നും മദ്ധ്യേയുളള നേരം. ഈ സമയത്ത് അധികഠിനമായ ഊർജ ഒഴുക്കാണ് വീടിന്റെയും വസ്തുവിന്റെയും കൃത്യമദ്ധ്യത്തിൽ ഉണ്ടാവുക. നമ്മൾ താമസിക്കുന്ന വസ്തുവിനും വീടിനും ഈ നേർ മദ്ധ്യമുണ്ട്. അതി കഠിനമായ ഊർജം സൂര്യനിൽ നിന്ന് പതിക്കുമ്പോൾ ആ സ്ഥലത്തിന് 45 ഡിഗ്രി താഴെനിന്ന് സമാനമായി ഭൂമിയിലും ദൃഷ്ടിഗോചരമല്ലാത്ത അൾട്രാവയലറ്റിന്റെയും ഇൻഫ്രാറെഡിന്റെയും ബഹിർസ്ഫുരണമുണ്ടാവും. ഇത് പ്രവചനാതീതമായ കൂടിക്കലരിനും അതുവഴി അതിശക്തമായ ഊർജഒഴുക്കിനും ഇടയാക്കും.
ആരോ രൂപത്തിൽ ഓരോ മുട്ടുകളായി വേഗം വേഗം മുന്നോട്ട് നീങ്ങുന്ന ഈ നേർരേഖയിൽ തടസമായി ഉള്ളതെന്തായാലും അതിനെ ഖണ്ഡിക്കാൻ ഇതിന് ശേഷിയുണ്ട്. അതിനാണ് നേർമദ്ധ്യത്ത് വീട്ടിനുളളിൽ വടക്കേയറ്റം വരെ തുറപ്പ് വേണമെന്ന് നിഷ്കർഷിക്കുന്നത്. ഇങ്ങനെ വീടിനുളളിൽ കൃത്യം ഊർജ ഒഴുക്കിന് നേർ വടക്കോട്ട് വാതിലോ, കട്ടിളയോ ജനാലയോ ഭിത്തി പർഗോളയോ ഒക്കെ സജ്ജമാക്കണം. അപ്പോൾ കൃത്യമായി യമസൂത്രം വീടിന് പുറത്തേയ്ക്ക് ഒഴുകി പൊയ്ക്കോളും. യമസൂത്രമെന്ന് പേര് വന്നതു പോലും അതിന്റെ മോശമായ കാഠിന്യം കാരണമെന്ന് അറിയേണ്ടതുണ്ട്. ഉച്ചയ്ക്ക് 2.30 കഴിഞ്ഞാൽ വീട്ടിനുള്ളിൽ ഈ ഒഴുക്ക് ഉണ്ടാവുമെങ്കിലും ശക്തി നേർത്ത് ഇല്ലാതാവും.
വീടിനു പുറത്തും ഇതേ പ്രതിഭാസമുണ്ട്. യമസൂത്രം ഒഴുകി വരുന്ന വഴിയിൽ മാറാതെ കെട്ടിയിട്ടിരിക്കുന്ന മൃഗങ്ങളെയോ, നിൽക്കുന്ന ആളുകളെയോ ഇത് ബാധിക്കാറുണ്ട്. അന്ധ വിശ്വാസത്താൽ ചിലർ ഇതിനെ 'വരുത്ത് പോക്കെന്ന് " ചില നാടുകളിൽ പറയാറുണ്ട്. അതികഠിനമായ ഊർജ ഒഴുക്കാണ്. വീടിന് പുറത്ത് തുറസായതിനാൽ അത് നേർവടക്കേയ്ക്ക് ഒഴുകി മറഞ്ഞുകൊള്ളും. എന്നാൽ വീടിനുള്ളിൽ ഈ ഊർജം ഒഴുകിപ്പോകാൻ കൃത്യമായ ആസൂത്രണം ചെയ്തേ മതിയാവൂ. പുതിയ വീടുകൾക്ക് ആദ്യം മുതലേ ഇത് പ്ലാൻ ചെയ്ത് വയ്ക്കാം. വീടിന്റെ നേർ തെക്കുനിൽക്കുന്ന ആൾ അതിസൂക്ഷ്മമായി നോക്കിയാൽ വടക്കേമദ്ധ്യം കാണണം. വസ്തുവിന്റെ തെക്കേ മതിലിലിൽ നിന്ന് നോക്കിയാൽ വടക്കേ മതിൽ കാണുന്നവിധമുള്ള സംവിധാനമാണ് വേണ്ടത്. വീടിന്റെ കൃത്യം മദ്ധ്യത്തു നിന്നാൽ തെക്ക് വശവും വടക്കുവശവും കാണാനാകണമെന്ന് സാരം. അങ്ങനെയായാൽ യാതൊരു ബുദ്ധിമുട്ടുകളും ആ വീട്ടിലെ അന്തേവാസികൾക്കുണ്ടാവാറില്ല. മറിച്ച് മദ്ധ്യസൂത്രം തടസപ്പെട്ടിട്ടുണ്ടെങ്കിൽ വലിയ പ്രതിസന്ധികൾ വന്നുഭവിക്കുന്നതായിട്ടാണ് പഠനങ്ങൾ തെളിയിക്കുന്നത്.