കൊച്ചി: രാജ്യത്ത് സ്വർണാഭരണങ്ങളുടെ പരിശുദ്ധി ഉറപ്പാക്കുന്ന ബി.ഐ.എസ് ഹാൾമാർക്കിംഗ് നിർബന്ധമാക്കുന്നത് കേന്ദ്രസർക്കാർ ജൂൺ 15ലേക്ക് നീട്ടി. സ്വർണ വ്യാപാര സംഘടനകളുമായി ഇന്നലെ നടത്തിയ ചർച്ചയിൽ കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയലാണ് ഇക്കാര്യം അറിയിച്ചത്. ഈവർഷം ജനുവരി 15 മുതൽ ബി.ഐ.എസ് ഹാൾമാർക്കിംഗ് നിർബന്ധമാക്കുമെന്നാണ് കേന്ദ്രം ആദ്യം അറിയിച്ചിരുന്നത്; പിന്നീടിത് ജൂൺ ഒന്നിലേക്കും നീട്ടി. എന്നാൽ, ബി.ഐ.എസ് രജിസ്ട്രേഷൻ നേടാൻ വേണ്ടത്ര അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാതെ ഹാൾമാർക്കിംഗ് നിർബന്ധമാക്കിയാൽ അത് വിപണിയെ പ്രതിസന്ധിയിലാക്കുമെന്ന് സംഘടനകൾ ചൂണ്ടിക്കാട്ടിയിരുന്നു.
ആറുമാസം കൂടി സാവകാശം വേണമെന്നാണ് സംഘടനകൾ ആവശ്യപ്പെട്ടതെങ്കിലും ജൂൺ 15 മുതൽ നടപ്പാക്കുമെന്ന് മന്ത്രി അറിയിക്കുകയായിരുന്നു. തീരുമാനം കാര്യക്ഷമമായി നടപ്പാക്കാനായി ബി.ഐ.എസ് ഉദ്യോഗസ്ഥർ, ജുവലറി അസോസിയേഷനുകൾ എന്നിവരുൾപ്പെടുന്ന പ്രത്യേക സമിതിക്കും രൂപംനൽകിയിട്ടുണ്ട്.
ഉപഭോക്താക്കളുടെ കൈവശമുള്ള സ്വർണാഭരണങ്ങൾക്ക് ബി.ഐ.എസ് ഹാർമാർക്കിംഗ് നിബന്ധന ബാധകമല്ല. സ്വർണക്കടയിൽ വിറ്റഴിക്കുന്ന സ്വർണാഭരണങ്ങൾക്കാണ് ബി.ഐ.എസ് ബാധകം. ഉപഭോക്താക്കളുടെ കൈവശമുള്ള, ബി.ഐ.എസ് മുദ്രയില്ലാത്ത സ്വർണാഭരണങ്ങൾ വിൽക്കുന്നതിനും മാറ്റിവാങ്ങാനും തടസമില്ല. വിൽക്കുമ്പോൾ വിപണിവില തന്നെ ലഭിക്കും. ബാങ്കുകളിൽ പണയവും വയ്ക്കാം.
''കൊവിഡ്, ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ ബി.ഐ.എസ് ഹാൾമാർക്കിംഗ് നിർബന്ധമാക്കുന്നത് ആറുമാസം കൂടി നീട്ടേണ്ടതായിരുന്നു. രജിസ്ട്രേഷനുള്ള അടിസ്ഥാനസൗകര്യം ഒരുക്കാൻ കൂടുതൽ സമയം വേണ്ടിവരും"",
എസ്. അബ്ദുൽ നാസർ,
ദേശീയ ഡയറക്ടർ,
ഓൾ ഇന്ത്യ ജെം ആൻഡ് ജുവലറി കൗൺസിൽ