ന്യൂഡൽഹി: പുതുക്കിയ സ്വകാര്യതാ നയം അംഗീകരിക്കാത്ത ഉപഭോക്താക്കളുടെ അക്കൗണ്ട് നഷ്ടപ്പെടില്ലെന്ന് വാട്ട്സ്ആപ്പ്. ഐ.ടി മന്ത്രാലയത്തിന്റെ നോട്ടീസിന് നൽകിയ മറുപടിയിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. പുതുക്കിയ സ്വകാര്യത നയം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രാലയം വാട്ട്സ്ആപ്പിന് നോട്ടീസ് അയച്ചിരുന്നു.
മേയ് പതിനഞ്ചോടെ പുതുക്കിയ സ്വകാര്യതാ നയം അംഗീകരിക്കാത്ത അക്കൗണ്ടുകൾ ക്രമേണ റദ്ദാക്കും എന്നാണ് വാട്ട്സ്ആപ്പ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ നിലവിൽ അക്കൗണ്ട് നഷ്ടപ്പെടില്ലെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. പകരം ഉപഭോക്താക്കൾക്ക് അപ്‌ഡേറ്റ് ചെയ്യാനുള്ള അവസരം നൽകി കൊണ്ടിരിക്കാനും കാലാകാലങ്ങളിൽ അവരെ ഇക്കാര്യം ഓർമ്മപ്പെടുത്തി കൊണ്ടിരിക്കാനുമാണ് തീരുമാനമെന്നും കമ്പനി അറിയിച്ചു.
ഐ.ടി മന്ത്രാലയം തങ്ങൾ അയച്ച നോട്ടീസിന് മറുപടി നൽകാൻ മേയ് 25 വരെയായിരുന്നു സമയം അനുവദിച്ചിരുന്നത്. ഇക്കാലയളവിൽ തൃപ്തികരമായ മറുപടി നൽകാൻ കഴിഞ്ഞിട്ടില്ലെങ്കിൽ വാട്ട്സ്ആപ്പിനെതിരെ എല്ലാ നിയമാനുസൃത നടപടികളും സ്വീകരിക്കുമെന്ന് നോട്ടീസിൽ വ്യക്തമാക്കിയിരുന്നു. സ്വകാര്യതയുടെയും വിവര സുരക്ഷയുടെയും മൂല്യങ്ങൾക്ക് വിലനൽകാത്തതാണ് പുതിയ നയം എന്നും മന്ത്രാലയം അഭിപ്രായപ്പെട്ടിരുന്നു.