ന്യൂഡൽഹി: സിബിഐ ഡയറക്ടറെ തിരഞ്ഞെടുക്കാനുള്ള ചുരുക്കപ്പട്ടിക പൂർത്തിയായതായി റിപ്പോർട്ട്. പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന യോഗത്തിൽ ചീഫ് ജസ്റ്റിസ് എൻ.വി. രമണ, കോൺഗ്രസ് ലോക്‌സഭാനേതാവ് അധിർ രഞ്ജൻ ചൗധരി എന്നിവർ പങ്കെടുത്തു.
മഹാരാഷ്ട്ര ഡിജിപി സുബോദ് കുമാർ, എസ്എസ്ബി ഡയറക്ടർ ജനറൽ കെ.ആർ.ചന്ദ്ര, ആഭ്യന്തര സുരക്ഷ സ്‌പെഷൽ സെക്രട്ടറി വി.എസ്.കെ. കൗമുദി എന്നിവരുടെ പേരുകളാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. കേരള ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ പേരും ഉയർന്നു കേട്ടിരുന്നെങ്കിലും ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടില്ല.
സിബിഐ ഡയറക്ടർ ആർ.കെ. ശുക്ല ഫെബ്രുവരിയിൽ വിരമിച്ചതിനെ തുടർന്ന് അഡീഷണൽ ഡയറക്ടർ പ്രവീൺ സിൻഹയാണ് ഡയറക്ടറുടെ ചുമതല വഹിക്കുന്നത്. അതേസമയം ഡയറക്ടറെ തിരഞ്ഞെടുക്കുന്ന രീതിക്കെതിരെ കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി രംഗത്തെത്തി. ശരിയായ രീതിയിലല്ല തിരഞ്ഞെടുപ്പ് പ്രക്രിയകൾ നടത്തുന്നതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.