veena-george

തിരുവനന്തപുരം: കൊവിഡ് വാക്‌സിൻ ലഭിക്കുന്നതിനുള്ള മുൻ​ഗണനാ പട്ടികയിലേക്ക് പതിനൊന്ന് വിഭാ​ഗങ്ങളെ കൂടി ഉൾപ്പെടുത്തി ആരോഗ്യവകുപ്പ് ഉത്തരവ് പുറത്തിറങ്ങി. വിദേശത്ത് പഠിക്കുന്നവർക്ക് വാക്‌സിനേഷന് മുൻ​ഗണന നൽകാനും തീരുമാനമായതായി ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കി.

ജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന ഉദ്യോ​ഗസ്ഥർക്കാണ് വിവിധ വകുപ്പുകളിൽ വാക്‌സിനേഷന് മുൻ​ഗണന നൽകുന്നത്. മൂല്യനിർണയ ജോലിയിലുള്ള അദ്ധ്യാപകർ, എഫ് സി ഐ, തപാൽ ജീവനക്കാർ, ഭക്ഷ്യം, പൊതുവിതരണം, സാമൂഹ്യനീതി, വനിതാ ശിശുക്ഷേമം, മൃ​​ഗസംരക്ഷണം, ഫിഷറീസ് എന്നീ വകുപ്പുകളെയാണ് ഉൾപ്പെടുത്തിയത്.

പല രാജ്യങ്ങളിലും പ്രവേശനത്തിന് കൊവിഡ് വാക്‌സിനേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. അതിനാൽ വാക്‌സിനേഷന് പരി​ഗണന ലഭിക്കണം എന്ന് വിദേശത്ത് പഠനത്തിനും ജോലിക്കുമായി പോകേണ്ടവർ ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് മുൻ​ഗണനാ പട്ടിക പുതിക്കിയിരിക്കുന്നത്. നേരത്തെ 32 വിഭാ​ഗങ്ങളെയാണ് മുൻ​ഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നത്. ​ഗുരുതര രോ​ഗമുള്ളവർ, മാദ്ധ്യമപ്രവർത്തകർ തുടങ്ങിയ ആളുകളെയെല്ലാം അവയിൽ ഉൾപ്പെടുത്തിയിരുന്നു.