ചണ്ഡിഗഡ്: യോഗ ആചാര്യൻ ബാബാ രാംദേവിന്റെ പതഞ്ജലി പുറത്തിറക്കി വിവാദമായ കൊവിഡ് രോഗത്തിനുളള ആയുർവേദ മരുന്നായ 'കൊറോണിൽ' രോഗികൾക്ക് നൽകാനൊരുങ്ങി ഹരിയാന സർക്കാർ.
യാതൊരു ശാസ്‌ത്രീയതയുമില്ലെന്ന് ഐ.എം.എ ഉൾപ്പടെ അറിയിച്ച കൊറോണിലിന്റെ ഒരു ലക്ഷത്തോളം കിറ്റുകളാണ് ഹരിയാന സർക്കാർ വിതരണം ചെയ്യുന്നത്. ഈ വിവരം അറിയിച്ച് ഹരിയാനയിലെ മന്ത്രിയായ അനിൽ വിജ് ട്വിറ്ററിൽ പോസ്‌റ്റ് ചെയ്‌തു. സൗജന്യമായാണ് കൊവിഡ് രോഗികൾക്കുളള കിറ്റിൽ കൊറോണിൽ വിതരണം ചെയ്യുകയെന്ന് മന്ത്രി അറിയിച്ചു.
'മരുന്ന് വിതരണം ചെയ്യുന്നതിന് ചിലവാകുന്ന തുകയുടെ പകുതി പതഞ്ജലി കമ്പനിയും പകുതി ഹരിയാന സർക്കാരിന്റെ കൊവിഡ് ദുരിതാശ്വാസ ഫണ്ടിൽ നിന്നുമാണ് കണ്ടെത്തുക.' മന്ത്രി കുറിച്ചു. രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ശക്തമായ സംസ്ഥാനമാണ് ഹരിയാന. കാർഷിക ബില്ലിനെതിരായി സമരം ചെയ്യുന്ന കർഷകർ ഭൂരിഭാഗവുമുളള സംസ്ഥാനമാണിത്. അതിനാൽ തന്നെ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത കർഷക പ്രതിഷേധത്തെ തുടർന്ന് സൂപ്പർ സ്‌പ്രെഡർ സാദ്ധ്യത ഉണ്ടെന്നാണ് ആരോഗ്യ വിദഗദ്ധർ പറയുന്നത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർദ്ധന്റെ സാന്നിദ്ധ്യത്തിൽ 'കൊറോണിൽ' പതഞ്ജലി പുറത്തിറക്കിയത്. കൊവിഡിന് തെളിവുകൾ അടിസ്ഥാനമാക്കിയുളള ആദ്യ മരുന്നാണിതെന്നായിരുന്നു ബാബാ രാംദേവിന്റെ വാദം. എന്നാൽ അശാസ്‌ത്രീയവും കെട്ടിച്ചമച്ചതുമായ ഒരു ഉൽപ്പന്നത്തെ ഒരു ഡോക്‌ടറായ രാജ്യത്തെ ആരോഗ്യമന്ത്രി തന്നെ പ്രോത്സാഹിപ്പിക്കുന്നതിനെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ(ഐ.എം.എ) അന്ന് വിമർശിച്ചിരുന്നു. ലോകാരോഗ്യ സംഘടനയുടെ വരെ അംഗീകാരം തന്റെ മരുന്നിനുണ്ടെന്നായിരുന്നു ബാബാ രാംദേവിന്റെ വാദം.
എന്നാൽ ഒരു പരമ്പരാഗത മരുന്നിനും കൊവിഡിനെ ഭേദപ്പെടുത്താനാകുമെന്ന് തങ്ങൾ അംഗീകാരം നൽകിയിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.