ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയായ ഇന്ത്യൻ രത്നവ്യാപാരി മെഹുൽ ചോക്‌സി കരീബിയൻ രാജ്യമായ ആന്റിഗ്വയിൽ നിന്ന് ക്യൂബയിലേക്ക് കടന്നതായി വിവരം. ഇയാളുടെ അഭിഭാഷകനായ വിജയ് അഗർവാളാണ് ഇതിന്റെ സൂചന നൽകിയത്. ആന്റിഗ്വയിലെ പൗരത്വമുളള ചോക്‌സി തിങ്കളാഴ്‌ച വൈകുന്നേരം തന്റെ കാറിൽ കയറി എവിടേക്കോ പോയി എന്നാണ് കുടുംബാംഗങ്ങൾ പൊലീസിന് നൽകിയ വിവരം.
എന്നാൽ ഇയാൾ പോയത് ക്യൂബയിലേക്കാണെന്നും അവിടെ ഇയാൾക്ക് ആഡംബര വസതി സ്വന്തമായുണ്ടെന്നുമാണ് അറിവ്. 2017ൽ ബാങ്ക് തട്ടിപ്പ് നടത്തി ഇന്ത്യയിൽ നിന്ന് മുങ്ങിയ ചോക്‌സി 2018ൽ കരീബിയൻ ദ്വീപ് രാജ്യമായ ആന്റിഗ്വ ആന്റ് ബാർബഡയിലെത്തി. ഇവിടെ ഇയാൾ പൗരത്വവുമെടുത്തു. ആന്റിഗ്വയിൽ മാത്രമല്ല മറ്റ് ചില കരീബിയൻ രാജ്യങ്ങളിലും ഇയാൾക്ക് പൗരത്വമുണ്ടെന്നാണ് വിവരം.
വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയതിനെ തുടർന്ന് സിബിഐയും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റും അന്വേഷണം ആരംഭിച്ചതോടെയാണ് ചോക്‌സി ഇന്ത്യയിൽ നിന്ന് മുങ്ങി ആന്റിഗ്വയിൽ എത്തിയത്. കാണാതായ ചോക്‌സിയെ കുറിച്ച് അന്വേഷണം തുടങ്ങിയതായി ആന്റിഗ്വൻ പൊലീസ് കമ്മീഷണർ അറ്റ്‌ലി റോഡ്‌നി പ്രാദേശിക മാദ്ധ്യമങ്ങളെ അറിയിച്ചു.
ആഗോള പൊലീസ് സേനയായ ഇന്റർപോൾ 2018ൽ ചോക്‌സിക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഏതെങ്കിലും രാജ്യത്തെ ഇമിഗ്രേഷൻ പോയിന്റുകളിൽ ഇയാളെത്തിയാലുടൻ അറിയാൻ അതുവഴി സാധിക്കും.
എന്നാൽ ആന്റിഗ്വയ്‌ക്കോ ക്യൂബയ്‌ക്കോ ഇന്ത്യയുമായി ഇത്തരത്തിൽ കുറ്റവാളികളെ കൈമാറാൻ നിയമമില്ല. ഇയാളെ നാട്ടിലെത്തിക്കാൻ വേണ്ട ആലോചനകൾ ആന്റിഗ്വൻ സർക്കാരുമായി ചെയ്യുകയാരുന്നു ഇന്ത്യ. നിയമപരമായാണ് ചോക്‌സി രാജ്യത്തെ പൗരത്വം നേടിയതെന്നും അതിനാൽ അതിന്റെ നിയമവശങ്ങൾ പൂർത്തിയായ ശേഷം ഇയാളുടെ പൗരത്വം എടുത്തുകളയുമെന്നും ഒരു കൊടും കുറ്റവാളിക്കും താമസിക്കുന്നതിനുളള രാജ്യമല്ല ആന്റിഗ്വയെന്നും പ്രധാനമന്ത്രി ഗാസ്‌റ്റൺ ബ്രൗണി മുൻപ് അിയിച്ചിരുന്നു. ഇയാളുടെ പൗരത്വം എടുത്തുകളയണമെന്ന് ഇന്ത്യ അഭ്യർത്ഥിച്ചതിന് പിന്നാലെയാണ് ആന്റിഗ്വ പ്രധാനമന്ത്രി ഇങ്ങനെ പ്രതികരിച്ചത്.