തിരുവനന്തപുരത്തെത്തിയ കാലം. 1991. തലസ്ഥാനം സിനിമയ്ക്കും സാഹിത്യത്തിനുമൊക്കെ അനുകൂലമാണെന്നു പറഞ്ഞ് എന്നെ ക്ഷണിച്ച ഗുരുതുല്യനായ പത്മരാജൻ അപ്രതീക്ഷിതമായി വിടവാങ്ങി രണ്ടാഴ്ച പിന്നിടുമ്പോഴാണ്, എസ്.ബി.ടി. ഹെഡ് ഓഫീസിലേക്കുള്ള ട്രാൻസ്ഫർ ഓർഡറുമായി ഫെബ്രുവരി 13-ന് ഞാൻ ശൂന്യമായ മനസോടെ തമ്പാനൂർ സെൻട്രൽ സ്റ്റേഷനിൽ വണ്ടിയിറങ്ങുന്നത്. തണൽമരം നഷ്ടപ്പെട്ട നഗരത്തിൽ ഉഷ്ണക്കാറ്റു വീശുന്ന വരണ്ട ദിനങ്ങൾ. വെയിൽ കത്തിക്കാളുമ്പോഴും സർവത്ര അന്ധകാരം...!
മനസ് ഒരല്പമെങ്കിലും സമനിലയിലാവുന്നത് സൂര്യയുടേയും ചലച്ചിത്രയുടേയും ആക്ടിന്റേയും പരിധിയുടേയുമൊക്കെ ചലച്ചിത്ര-സാഹിത്യവേദികളിലൂടെ... ഒരിക്കൽ വി.ജെ.ടി. ഹാളിൽ ഫിലിം ക്രിട്ടിക്സ് അവാർഡ് നൈറ്റ് കണ്ട് പുറത്തിറങ്ങിയപ്പോൾ, ആരോ എന്നെ പിൻവിളി വിളിക്കുന്നു. ആരെന്നു ചുറ്റിലും തിരിഞ്ഞുനോക്കിയപ്പോൾ, താടിയുഴിഞ്ഞ് ചിരിച്ചുകൊണ്ട്, ജോഷി മാത്യു : 'എവിടെയാ നീ സതീഷേ..." ജോഷി അടുത്തുവന്ന് ചേർത്തു പിടിച്ചു: 'എത്രയോ നാളായിട്ട് നിന്നെ ഞാനന്വേഷിക്കുന്നു. പല ഫോണുകളിലും മാറിമാറി വിളിച്ചു നോക്കി."
മർക്കാറയിൽ പത്മരാജന്റെ 'ഇന്നലെ"യുടെ ലൊക്കേഷനിൽ നിന്നു പിരിഞ്ഞതിൽപ്പിന്നെ അസോസിയേറ്റ് ഡയറക്ടറായിരുന്ന ജോഷി മാത്യുവിനെ വീണ്ടും കാണുകയാണ്. മൊബൈൽ ഫോണൊന്നുമില്ലാത്ത ആ കാലത്ത് ട്രങ്ക് ബുക്ക് ചെയ്തുള്ള ടെലഫോൺ കോളുകൾ പലപ്പോഴും കിട്ടാക്കനിയാണ്. 'ജോഷിയെ ഞാനും വിളിക്കാൻ ശ്രമിച്ചിരുന്നു. കിട്ടിയില്ല.' ഞാൻ നിസഹായത പ്രകടിപ്പിച്ചു. ജോഷി മാത്യു എന്നെ അദ്ദേഹത്തിന്റെ കാറിലേക്കു ക്ഷണിച്ചു: 'വാ, ഒരു കാര്യമുണ്ട്."
രണ്ട്
'ഇന്നലെ"യുടെ ലൊക്കേഷനിൽ വച്ച് എന്റെ കൂടി സാന്നിദ്ധ്യത്തിൽ ജോഷി മാത്യു പറഞ്ഞ ഒരു കഥ. പപ്പേട്ടന് വല്ലാതങ്ങ് പിടിച്ചു : 'ഇത് ജോഷി തന്നെ ഡയറക്ട് ചെയ്യണം" പപ്പേട്ടൻ പറഞ്ഞു... പിന്നേയും വർഷങ്ങൾ കഴിഞ്ഞ്, പത്മരാജൻ സൃഷ്ടിച്ച ശൂന്യത മറികടക്കാനായി ജോഷി, ആ കഥയുമായി സംവിധായകനാവാനൊരുങ്ങുകയായിരുന്നു... 'അന്നു ഞാൻ പറഞ്ഞ ആ കഥ സതീഷിനോർമയുണ്ടല്ലോ...?" പുളിമൂടിലെ കുക്കീസ് ഇൻ എന്ന കോട്ടേജിലെ വിശാലമായ മുറിയിലിരുന്ന് ജോഷി എന്നോടു ചോദിച്ചു. കുസൃതിക്കാരായ നാലഞ്ചു സ്കൂൾ കുട്ടികളും അവരുടെ ഒരു സംഗീതാദ്ധ്യാപികയും അവർക്കിടയിലേക്കെത്തുന്ന ഒരു ആർക്കിടെക്ടുമൊക്കെയായ ആ കഥ ഞാനോർത്തു. 'അത് നമുക്ക് സിനിമയാക്കണം. സതീഷ് തിരക്കഥയും സംഭാഷണവുമെഴുതണം" ജോഷി പറഞ്ഞു. ജാലകത്തിലൂടെ ഒരു തണുത്ത കാറ്റ് വീശി വന്നു...
പിന്നീട് പെട്ടെന്നായിരുന്നു കാര്യങ്ങൾ. മുന്തിരിത്തോപ്പുകളും ഇന്നലെയും ഗന്ധർവനുമൊക്കെ ചിത്രീകരിച്ച വേണു ആലോചനയുടെ ആദ്യ ദിവസങ്ങൾ തൊട്ടേ കുക്കീസിൽ വന്നുപോയിക്കൊണ്ടിരുന്നു; ഏറെ വർഷങ്ങൾ പത്മരാജൻ എന്ന സുന്ദരതാടിക്കാരന്റെ ഇരുവശവും ബലമായി നിന്ന രണ്ടു വിഖ്യാതതാടിക്കാരായിരുന്നു വേണുവും ജോഷിമാത്യുവും, രണ്ടുപേരും അക്ഷരനഗരമായ കോട്ടയത്തെ ബാല്യകാലസുഹൃത്തുക്കളും! രസകരമായിരുന്നു ആ തിരക്കഥാ ദിനങ്ങൾ. പെരുന്തച്ചന്റെ സംവിധായകൻ അജയൻ, ബിച്ചു തിരുമല, മോഹൻ സിത്താര, നവാഗത യുവനിർമ്മാതാക്കളായ സിറിൾ ജോർജും ബെന്നി ജേക്കബും.... നായകനായി നിശ്ചയിക്കപ്പെട്ട സുരേഷ്ഗോപിയുടെ സാന്നിദ്ധ്യവും മിക്കവാറും വൈകുന്നേരങ്ങളിലുണ്ടായിരുന്നു. അക്കാലത്തദ്ദേഹം സൂപ്പർ സ്റ്റാറായിട്ടില്ല. ഓരോ ദിവസവും ഞാനെഴുതുന്ന ഭാഗങ്ങൾ വായിച്ചുനോക്കാൻ സുരേഷ് ഉത്സാഹം കാട്ടി. പിന്നേയും പലരും പലപ്പോഴും മുറിയിൽ വന്നു പോയി. സീൻ ചർച്ചകളും ഗാനങ്ങളുടെ കമ്പോസിംഗുമായി ദിവസങ്ങൾ നല്ല ഉന്മേഷലഹരിയിൽ മുന്നേറി. നക്ഷത്രത്തിളക്കമുള്ള കൂടാരരാവുകൾ...!
മൂന്ന്
1991 ഒക്ടോബർ 21-ന് മദ്രാസ് കോദണ്ഡപാണി തിയേറ്ററിലായിരുന്നു 'നക്ഷത്രക്കൂടാര'ത്തിന്റെ പൂജയും റെക്കാർഡിംഗും. ഒരു തുടക്കക്കാരന്റെ കൗതുകക്കാഴ്ചകളായിരുന്നു എനിക്കെല്ലാം. ഭരതൻ, ഹരിഹരൻ, തമ്പി കണ്ണന്താനം, ജി.എസ്. വിജയൻ, അജയൻ, ഗുഡ് നൈറ്റ് മോഹൻ... എത്രയോ പ്രമുഖർ ആ പ്രഭാതത്തിൽ കോദണ്ഡപാണിയിലെത്തി. ഭരതേട്ടൻ ഭദ്രദീപം കൊളുത്തി. ബിച്ചു തിരുമലയുടെ ഗാനങ്ങൾക്ക് മോഹൻസിത്താര ഗംഭീര ഈണങ്ങൾ നൽകി. എം.ജി. ശ്രീകുമാറും ചിത്രയുമൊക്കെ വന്നു പാടി. ട്രാക്ക് പാടിയ രണ്ടുപേരെ നന്നായി ഓർക്കുന്നു. ക്രിസ്റ്റഫറും മിനി ജോസഫും. മിനി ജോസഫിന്റെ ട്രാക്ക് കേട്ട് 'ഇത് ഗംഭീരമായിരിക്കുന്നല്ലോ - ഈ കുട്ടി തന്നെ പാടിയാൽ പോരേ" എന്ന് ചിത്ര ചോദിച്ചു. പക്ഷേ കാസറ്റ് കച്ചവടക്കാർ ഉടക്കുമെന്ന് പറഞ്ഞ് നിർമ്മാതാക്കൾ നിസഹായരായി; ആ മിനി ജോസഫ് പിന്നീട് ദക്ഷിണേന്ത്യൻ സിനിമയിലെ മിന്നും ഗായികയായ മിൻമിനിയായി മാറി! കാസറ്റ് കമ്പനിക്കാരുടെ നിർബന്ധത്തിൽ ഒരു പാട്ട് യേശുദാസിനെക്കൊണ്ട് പാടിക്കുവാൻ ശ്രമിച്ച പാവം നിർമ്മാതാക്കളുടെ പരവേശവും ഓർമ്മയിലുണ്ട്. ക്രിസ്റ്റഫർ എന്ന യുവഗായകൻ അതിമനോഹരമായി പാടിയ ട്രാക്കും വെച്ച് യേശുദാസിനെ കാത്തിരുന്നതും, ഒരു പാട്ടിന്റെ അന്നത്തെ അദ്ദേഹത്തിന്റെ റേറ്റായ അമ്പതിനായിരം രൂപ മാനേജർക്ക് അഡ്വാൻസായി കൊടുത്താലേ പാടൂ എന്നു പറഞ്ഞ് യേശുദാസ് വന്നവഴി മടങ്ങിപ്പോയതും, പിറ്റേന്ന് എവിടന്നെല്ലാമോ ആ കാശ് സംഭരിച്ച് ബെന്നിയും സിറിലും അദ്ദേഹത്തിന്റെ മുന്നിൽ കരുണ കാത്ത് നിന്നതും, താരതമ്യേന അക്കാലത്ത് നവാഗതനായ മോഹൻസിത്താര പാട്ടുവിശദീകരിക്കുന്നതോ ട്രാക്കോ കേൾക്കാൻ നിൽക്കാതെ തിടുക്കത്തിൽ പാടി അദ്ദേഹം സ്ഥലം വിട്ടതുമൊക്കെ ഇന്നലെ കഴിഞ്ഞതുപോലുള്ള ഓർമകൾ...!
നാല്
തൊണ്ണൂറ്റിയൊന്നിലെ ഡിസംബറിലും തൊണ്ണൂറ്റി രണ്ടിന്റെ ആദ്യമാസങ്ങളിലുമായി ഷൂട്ടിംഗ് കോട്ടയത്തും കുട്ടിക്കാനത്തും തിരുവനന്തപുരത്തുമൊക്കെ നടന്നു. 'അനശ്വരം" കഴിഞ്ഞ് ശ്വേത മേനോൻ മുഴുനീള നായികയാവുന്ന ആദ്യചിത്രമായിരുന്നു 'നക്ഷത്രക്കൂടാരം." സുരേഷ് ഗോപിയോടൊപ്പം ഇന്നസെന്റ്, ജഗതി ശ്രീകുമാർ, ശങ്കരാടി, ഒടുവിൽ ഉണ്ണി കൃഷ്ണൻ, കെ.പി.എ.സി. ലളിത, അശോകൻ, രാമചന്ദ്രൻ, റാണി, ബേബി സുരേന്ദ്രൻ തുടങ്ങിയവരൊക്കെ താരനിരയിൽ അണിചേർന്നു; വിമൽ, ടിങ്കു, ശ്രീജിത്ത്, രാഹുൽ, ആരതി തുടങ്ങിയ കുട്ടിത്താരങ്ങളും. വേണു ഛായാഗ്രഹണവും ബി.ലെനിൻ എഡിറ്റിംഗും വേണുഗോപൻ സഹസംവിധാനവും നിർവ്വഹിച്ചു. എന്റെയും ജോഷിയുടേയും ആ ആദ്യ സിനിമയെക്കുറിച്ചുള്ള ഒട്ടേറെ സ്നേഹമുഹൂർത്തങ്ങൾ, സുരേഷ്ഗോപിയും ശ്വേതയും വേണുവുമൊക്കെ നിറയുന്ന രസമുള്ള അണിയറ വിശേഷങ്ങൾ - അവ വേറൊരിക്കലാവാം.
1992-ലെ സ്കൂളവധിക്കാലത്ത് റിലീസ് ഉദ്ദേശിച്ചെങ്കിലും ഗുഡ്നൈറ്റ് ഫിലിംസ് 'നക്ഷത്രക്കൂടാരം' തിയറ്ററുകളിലെത്തിച്ചത് ജൂലൈ മാസമഴയിലാണ്...! ഇന്നും യൂട്യൂബിൽ ഏറ്റവും കൂടുതലാളുകൾ കാണുന്ന തൊണ്ണൂറുകളിലെ ചിത്രങ്ങളുടെ കൂട്ടത്തിൽ നക്ഷത്രക്കൂടാരമുണ്ട്.
(സതീഷ്ബാബു പയ്യന്നൂർ: 98470 60343)