narendra-modi

​​​​​ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍റെ വില കുറയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം രാജ്യമൊട്ടാകെ ഉയരുന്നതിനിടെ, നികുതിയിളവ് നല്‍കുന്നത് പരിഗണിച്ച് കേന്ദ്രസർക്കാർ. വെള്ളിയാഴ്‌ച ചേരുന്ന ജി എസ് ടി കൗണ്‍സില്‍ യോഗം ഇത് പരിഗണിക്കുമെന്നാണ് വിവരം. നികുതി പൂര്‍ണമായി ഒഴിവാക്കുമോ, അതോ നികുതി ഇളവ് നല്‍കണമോ എന്നതില്‍ കൗണ്‍സില്‍ യോഗം തീരുമാനമെടുക്കും.

നികുതി പൂര്‍ണമായി ഒഴിവാക്കണമെന്ന ആവശ്യത്തിനാണ് മുന്‍തൂക്കം. അല്ലാത്തപക്ഷം നികുതി നാമമാത്രമാക്കിയേക്കും. 0.1 ശതമാനം നികുതി ചുമത്തുന്ന കാര്യമാണ് പരിഗണിക്കുന്നത്. ഇതിന് പുറമേ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഉത്പന്നങ്ങളുടെ നികുതി കുറയ്ക്കുന്നതും കൗണ്‍സില്‍ പരിഗണിച്ചേക്കും.

നിലവിൽ ആഭ്യന്തര തലത്തിൽ കൊവിഡ് വാക്‌സിന്‍റെ വിൽപ്പനയ്ക്കും ഇറക്കുമതിക്കും അഞ്ചു ശതമാനം ജി എസ് ടിയും കൊവിഡ് മരുന്നിനും ഓക്‌സിജനും 12 ശതമാനം ലെവിയുമാണ് ഈടാക്കുന്നത്. നേരത്തെ നികുതിയിളവ് ആവശ്യപ്പെട്ട് കോൺഗ്രസ് അദ്ധ്യക്ഷ സോണിയഗാന്ധിയും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും നികുതി ഇളവ് ആവശ്യപ്പെട്ട് നേരത്തെ പ്രധാനമന്ത്രിക്ക് കത്ത് അയച്ചിരുന്നു.