ആദ്യചിത്രമായ 'ഓപ്പറേഷൻ ജാവ" കൈയടികൾ നേടുമ്പോൾ സംവിധായകൻ തരുൺ മൂർത്തിയുടെ മനസിലൂടെ...
അഭിനയമോഹവുമായി നടന്നയാൾ സംവിധായകനാകുന്നു. ആദ്യ സിനിമ തന്നെ മികച്ച അഭിപ്രായങ്ങൾ സ്വന്തമാക്കുന്നു. സ്വപ്നത്തേക്കാളും അതിശയം തോന്നുന്ന കഥയാണ് സംവിധായകൻ തരുൺ മൂർത്തിയുടേത്. ' ഓപ്പറേഷൻ ജാവ " വിജയക്കൊടുമുടിയിൽ നിൽക്കുമ്പോൾ അതിന്റെ പിന്നിൽ പ്രവർത്തിച്ച ഓരോരുത്തർക്കും അവകാശപ്പെട്ട വിജയമാണ് ഇതെന്ന് തരുൺ പറയുമ്പോൾ അതിലൊട്ടും അതിശയോക്തിയില്ല. കാരണം ഓരോരുത്തർക്കുമുള്ള നന്ദിയും ക്ഷമാപണവും എടുത്തു പറഞ്ഞാണ് തരുൺ തന്റെ സിനിമ തുടങ്ങുന്നത്. വിശേഷങ്ങളിലേക്ക്....
ഓപ്പറേഷൻ ജാവയ്ക്ക് നിറയെ കൈയടികളാണ്?
സന്തോഷമാണ്. വലിയൊരു പ്രതിസന്ധിഘട്ടത്തിലും സിനിമയുടെ വിജയം പ്രതീക്ഷ നൽകുന്നതാണ്. ഇപ്പോഴത്തെ നിലയിൽ തീയേറ്ററിൽ 75 ദിവസം ഓടുകയെന്ന് പറഞ്ഞാൽ അത് 150 ദിവസം ഓടിയതിന് തുല്യമായിട്ട് കാണാനാണ് ഇഷ്ടപ്പെടുന്നത്. തീയേറ്ററിൽ നിന്ന് പടം ഇറങ്ങുന്നതോടെ അടുത്ത ഘട്ടത്തിലേക്ക് പോകണമെന്ന് ചിന്തിച്ചിരുന്നു. ആ സമയത്ത് തന്നെ ലോക് ഡൗണും വന്നു. അങ്ങനെയാണ് ഒ.ടി.ടിയിലും റിലീസ് ചെയ്യുന്നത്. 75 ദിവസം ഓടിയപ്പോൾ അത്യാവശ്യം എല്ലാവരും കണ്ടെന്നാണ് കരുതിയത്. പക്ഷേ, ഇപ്പോൾ തീയേറ്ററിന് പുറത്ത് ഒത്തിരി പേർ കണ്ടു, കൂടുതൽ കൂടുതൽ നല്ല അഭിപ്രായങ്ങൾ കേട്ടു. അതുവരെ കേട്ടതിനേക്കാൾ മികച്ച പ്രതികരണങ്ങൾ വന്നു.
പൊലീസ് ഇൻവെസ്റ്റിഗേഷൻ ചിത്രം മാത്രമല്ല ഓപ്പറേഷൻ ജാവ?
അതെ, ഒരു പൊലീസ് ത്രില്ലറെന്നോ ഇൻവെസ്റ്റിഗേഷനെന്നോ ചിന്തിച്ച് എടുത്ത സിനിമയല്ല. എനിക്ക് പരിചിതമായ അവസ്ഥകളെയാണ് കാട്ടുന്നത്. ഞാൻ ബി.ടെക് കംപ്യൂട്ടർ സയൻസ് കഴിഞ്ഞയാളാണ്. അദ്ധ്യാപകനുമാണ്. ബി ടെക്കുകാരന്റെ പ്രശ്നങ്ങൾ , 20 നും 25 നും ഇടയിലുള്ള തലമുറ കടന്നുപോകുന്ന സാഹചര്യങ്ങൾ ഒക്കെയാണ് സിനിമ കാണിക്കുന്നത്. അത് ആളുകൾക്ക് താത്പര്യം തോന്നുന്ന തരത്തിൽ അവതരിപ്പിക്കാനാണ് സൈബർ കേസുകളിലൂടെ ശ്രമിച്ചത്. പൊലീസ് ഇൻവെസ്റ്റിഗേഷൻ എന്നത് പുറംചട്ട മാത്രമായിരുന്നു. ഇതിലെ ഓരോ കേസിലും തൊഴിലില്ലായ്മയാണ് ശരിക്കും തുറന്നു കാട്ടുന്നത്. ഞാൻ പറയാനുദ്ദേശിച്ച രാഷ്ട്രീയവും അതാണ്. 2017 മുതൽ ഈ കഥ മനസിലുണ്ട്. ഒരുപാട് അദ്ധ്വാനിച്ചിട്ടുണ്ട്. സൈബർ സെല്ലിൽ പോയി, ഒരുപാട് ഉദ്യോഗസ്ഥരെ പരിചയപ്പെട്ടു, അവരിൽ നിന്നൊക്കെ കാര്യങ്ങൾ ചോദിച്ച് മനസിലാക്കി. പൊലീസ് കഥ പറയുമ്പോൾ അത്രയും കൃത്യതയോടെ വേണം അവതരിപ്പിക്കാനെന്ന് നിർബന്ധമുണ്ടായിരുന്നു.
പൊതുവേസിനിമകളിൽ നന്ദി മാത്രമാണ് പറയാറ്. പക്ഷേ, ഈസിനിമയിൽ ക്ഷമാപണം കൂടി നടത്തുണ്ട് ?
അതിന് കാരണമുണ്ട്. തിരസ്കരിക്കുന്നവരുടെ സിനിമയാണ് ജാവ. തിരസ്കാരം പല സന്ദർഭങ്ങളിലും നമ്മൾ ഏറ്റു വാങ്ങേണ്ടി വരും. അത് മുന്നോട്ട് പോകാനുള്ള ഊർജം തരുന്നതാണ്. ഈ സിനിമയ്ക്ക് പിന്നിൽ ഒരു കുടുംബം പോലെ നിന്ന ഒത്തിരി പേരുണ്ട്. സിനിമ പൂർണരൂപത്തിലെത്തിയപ്പോൾ അവരിൽ പലരെയും ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്. ഓരോരുത്തരോടും പറയുമ്പോൾ സാരമില്ല സാറേ, ജാവ നമ്മുടെ സിനിമയല്ലേ എന്ന് തിരിച്ചുപറഞ്ഞ് എന്നെ ഞെട്ടിച്ചവരുണ്ട്. അവർക്കെല്ലാം വേണ്ടിയാണ് ആ ക്ഷമാപണം.
സിനിമയിലെ കാസ്റ്റിംഗും അഭിനന്ദനം അർഹിക്കുന്നുണ്ട്. വമ്പൻ താരങ്ങളൊന്നുമില്ലാത്ത ചിത്രമാണ്?
ഇങ്ങനെയൊരു ആശയം പറഞ്ഞപ്പോൾ ഒപ്പം നിന്ന പ്രൊഡ്യൂസറെയാണ് ആദ്യം അഭിനന്ദിക്കേണ്ടത്. കഥ സംസാരിക്കുന്നത് വിജയിക്കാത്ത ആൾക്കാരെ കുറിച്ചാണ്. സെലിബ്രേറ്റഡ് ഹീറോസ് വന്നു നിൽക്കുമ്പോൾ അതൊരു പക്ഷേ ഇത്ര നന്നായി പറഞ്ഞു ഫലിപ്പിക്കാൻ പറ്റണമെന്നില്ല. ആന്റണിയും വിനയദാസനുമൊക്കെ തൊട്ടടുത്ത ആൾക്കാരെ പോലെ തോന്നണം. അവരുടെ സ്കിൻ ടോൺ, ശരീരം, വർത്തമാനം ഒക്കെ അത്തരത്തിലാകണമായിരുന്നു. അതെനിക്ക് കിട്ടിയത് ബാലുവിൽ നിന്നും ലുക്ക്മാനിൽ നിന്നുമൊക്കെയാണ്. അവർ മാത്രമല്ല, ഇർഷാദ്, ബിനു പപ്പൻ, ഷൈൻ ടോം ചാക്കോ, പ്രശാന്ത് അലക്സാണ്ടർ, വിനായകൻ... എല്ലാവരും ഒന്നിനൊന്ന് മികച്ച് നിന്നു. ഞാൻ മനസിൽ കണ്ട പ്രതാപനും ജോയിയും ബഷീറും ഒക്കെ ഇവരാണ്. ആരെയും അസിസ്റ്റ് ചെയ്യാതെ വന്ന ആളാണ് ഞാൻ. ഫിലിം സെറ്റൊന്നും വലിയ രീതിയിൽ കൺട്രോൾ ചെയ്തുള്ള അനുഭവങ്ങളുമില്ല. അതുകൊണ്ട് തന്നെ കൺട്രോൾ ചെയ്യാൻ പറ്റുന്ന ഒരു സെറ്റ് എനിക്ക് വേണമായിരുന്നു. ചിലപ്പോൾ എന്റെ കോംപ്ലക്സ് കൂടിയാകാം. എല്ലാവരുമായും നല്ല സൗഹൃദമുണ്ടാക്കാൻ പറ്റി. അങ്ങനെ ഷൂട്ട് ചെയ്യാൻ കഴിഞ്ഞതുകൊണ്ട് ഒരുപാട് ഗുണങ്ങൾ ഈ സിനിമക്കുണ്ടായിട്ടുണ്ട്. ഓരോ കഥാപാത്രത്തിനും തുല്യ പ്രാധാന്യം നൽകിയിട്ടുണ്ട്.
തീയേറ്റർ ബാക്ക്ഗ്രൗണ്ടുള്ളതു കൊണ്ടാണോ അങ്ങനെ സംഭവിച്ചത്?
ഞാനൊരു കഥകളി പെർമോഫറാണ്, ഇപ്പോഴും ചെയ്യാറുണ്ട്. നാടകവും കൂടെയുണ്ട്. സ്കൂൾ നാടകങ്ങൾ എഴുതിക്കൊടുക്കാറുമുണ്ട്. തീയേറ്റർ രംഗത്ത് വലിയ നടൻ, ചെറിയ നടൻ എന്നൊന്നും ഇല്ല. എല്ലാർക്കും തുല്യപ്രാധാന്യമാണ്. എല്ലാവരും കൂടിച്ചേരുന്നതാണ് കല. ഒരുകാലത്ത് അഭിനയമോഹവുമായി നടന്നയാളാണ്. അത് നടക്കില്ലെന്ന് വന്നപ്പോഴാണ് സംവിധാനം മനസിലേക്ക് കയറുന്നത്. ഇന്നിപ്പോൾ ഞാൻ ആരാധിച്ചവരൊക്കെ എന്റെ സിനിമയെ അഭിനന്ദിക്കുന്നതു കാണുമ്പോൾ നല്ല സന്തോഷമുണ്ട്. രാജു ചേട്ടനും ( പൃഥ്വിരാജ്) സുരേഷ് ഗോപി സാറും മഞ്ജുചേച്ചിയുമൊക്കെ എന്റെ സിനിമയെ അഭിനന്ദിക്കുന്നു. എന്റെ രാഷ്ട്രീയം മനുഷ്യത്വമാണ്. അതിനെ പിന്തുണയ്ക്കുന്നവർ തന്നെയാണ് എന്റെ സിനിമയ്ക്കും കൈയടിക്കുന്നത്.
തീയേറ്ററിലും ഒ.ടി.ടിയിലും സിനിമ റിലീസ് ചെയ്തല്ലോ?
സിനിമ തീയേറ്ററിൽ തന്നെ കാണണമെന്ന നിലപാടുകാരനാണ് ഞാൻ. ആദ്യം മുതലേ തീയറ്റർ റിലീസിന് വേണ്ടി തന്നെയാണ് ശ്രമിച്ചത്. ചിത്രത്തിലെ ശബ്ദമിശ്രണം പോലും തീയേറ്ററിൽ ആസ്വദിക്കാൻ കഴിയുന്ന തരത്തിലാണ് ചെയ്തിരിക്കുന്നത്. തീയേറ്ററിൽ കിട്ടുന്നതിന്റെ 20 ശതമാനം മാത്രമേ ഒ.ടി.ടിയിലും ഹോം തീയേറ്ററിലുമൊക്കെ കിട്ടൂ. സിനിമ ജീവനുള്ള ഒന്നാണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. ആദ്യം വേണ്ടെന്ന് തീരുമാനിച്ചെങ്കിലും ഒ.ടി.ടിയിൽ വന്നതുകൊണ്ട് വിജയം ഇരട്ടിയാണ്. പല നാടുകളിൽ നിന്ന് സ്നേഹം അറിയിക്കുന്നവരുണ്ട്. ജാവ അവരിലേക്ക് എത്തിയത് ഒ.ടി.ടി വഴി തന്നെയാണ്. ഇപ്പോൾ 'ഓപ്പറേഷൻ ജാവ" തന്നിരിക്കുന്ന ഉത്തരവാദിത്തം വളരെ വലുതാണ്. ഇനിയും നല്ല സിനിമകളുമായി വരുമെന്ന ഉറപ്പ് മാത്രമേ പങ്കുവയ്ക്കാനുള്ളൂ.
കുടുംബം?
അച്ഛൻ മധു, അമ്മ വിനു, ഭാര്യ രേവതി റോയ്. മകൻ ഇസൈ. കലാകുടുംബമാണെന്ന് പറയാം. അച്ഛനും നാടകപ്രവർത്തകനാണ്. എന്റെ ഇഷ്ടം കണ്ടറിഞ്ഞ് കൂടെ നിന്നവരാണ് അവരെല്ലാം. ഇപ്പോൾ എന്നേക്കാൾ സന്തോഷിക്കുന്നതും അവരൊക്കെയാണ്.