sanghumukham

തിരുവനന്തപുരം: ടൗക്‌തേ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ രൂക്ഷമായ കടലാക്രമണത്തിൽ തകർന്ന് തരിപ്പണമായ സഞ്ചാരികളുടെ പറുദീസയായ ശംഖുംമുഖം ബീച്ചിന്റെ പുനർനിർമ്മാണത്തിനായി സർക്കാർ കൊണ്ടുവന്ന ഡയഫ്രം വാൾ പദ്ധതി തികഞ്ഞ പരാജയമാണെന്ന് ആക്ഷേപം ഉയരുന്നു. ഏറ്റവും ഒടുവിൽ ടൈൽ പാകിയ നടവഴികളും അതിനോട് ചേർന്ന് സ്ഥാപിച്ച അഞ്ചിലധികം ഹൈമാസ്റ്റ് ലൈറ്റുകൾ അടക്കം തീരത്തിന്റെ അങ്ങോളമിങ്ങോളം തകർന്നടിഞ്ഞിരുന്നു. പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ടിനായി വൃത്താകൃതിയിൽ കോൺക്രീറ്റ് ചെയ്ത് പണിതിരുന്ന ആറാട്ട് കടവും പൂർണമായും തകർന്നു.

 ഡയഫ്രം വാൾ നിർമ്മാണം അശാസ്ത്രീയം

തീരറോഡിനെ കടലാക്രമണത്തിൽ നിന്ന് സംരക്ഷിക്കുന്നതിന് നൂതന സാങ്കേതികവിദ്യയായ റീ ഇൻഫോഴ്സ്ഡ്‌ കോൺക്രീറ്റ് ഡയഫ്രം വാൾ നിർമ്മിച്ച് ആങ്കർ ചെയ്‌ത് 260 മീറ്റർ നീളത്തിലും 50 സെന്റിമീറ്റർ കനത്തിലും 8 മീറ്റർ താഴ്ചയിലും സംരക്ഷണഭിത്തി നിർമ്മിക്കാനാണ് സർക്കാർ ലക്ഷ്യമിട്ടത്. കഴിഞ്ഞ ഒക്ടോബറിൽ ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. ഇതോടൊപ്പം ഏഴര മീറ്റർ വീതിയുള്ള ഇരുവരിപ്പാതയും നിർമ്മിക്കും. നിർമ്മാണം പൂ‌ർത്തിയാകുന്നതോടെ ഒരു തരത്തിലുള്ള കടലാക്രമണവും റോഡിനെ ബാധിക്കില്ലെന്നാണ് വിദഗ്ദ്ധരുടെ വിശദീകരണം. ഊരാളുങ്കൽ ലേബർകോൺട്രാക്ട് സൊസൈറ്റിക്കാണ് നിർമ്മാണം.

എന്നാൽ,​ അടുത്തിടെയുണ്ടായ കടൽക്ഷോഭത്തിൽ കൂറ്റൻ തിരമാലകൾ അടിച്ച് ഡയഫ്രം വാൾ അടക്കം നശിച്ചുപോയി. ഈ സാഹചര്യത്തിൽ ഇനി ഡയഫ്രം വാൾ നിർമ്മാണവുമായി സർക്കാർ മുന്നോട്ട് പോകരുതെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നത്. ഡയഫ്രം വാളിന് പകരം ശാശ്വതമായ മറ്റ് ശാസ്ത്രീയ മാർഗം കണ്ടെത്തണമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.

 രണ്ട് കോടി കടലെടുത്തു

ഇതിനായി ആകെ 5.39 കോടിയാണ് പദ്ധതിക്കായി ചെലവിടുന്നത്. കടൽക്ഷോഭത്തെ തുടർന്ന് ഇപ്പോൾ തന്നെ രണ്ട് കോടിയോളം നഷ്ടമായിട്ടുണ്ട്. പദ്ധതി പ്രദേശത്ത് മാത്രം 1.25 കോടിയുടെ നഷ്ടമുണ്ടായി. മാത്രമല്ല പദ്ധതിക്കായി തയ്യാറാക്കിയ നിരവധി അടിസ്ഥാന സൗകര്യ വികസനങ്ങളും കടലെടുത്തു.

 ആദ്യം ചെയ്യേണ്ടത് ബീച്ച് സംരക്ഷണം
വിദഗ്ദ്ധരുടെ നിർദ്ദേശം അനുസരിച്ച് ആദ്യം ചെയ്യേണ്ടത് കടൽത്തീരം സംരക്ഷിക്കുക എന്നതാണ്. നിർമ്മാണത്തിന് മുമ്പ് സമഗ്രമായ പരിസ്ഥിതി ആഘാത പഠനം നടത്തേണ്ടതുണ്ടെന്നാണ് ആർക്കിടെക്ട് ജി. ശങ്കർ പറയുന്നത്. അശാസ്ത്രീയമായ വികസന പ്രവർത്തനങ്ങളാണ് ബീച്ചിന്റെ തകർച്ചയ്ക്ക് കാരണമാകുന്നത്. കഴിഞ്ഞ ഏഴ് വർഷത്തിനിടെ കേരളത്തിലെ തീരപ്രദേശങ്ങൾ പ്രതീക്ഷിക്കാത്ത തരത്തിലുള്ള മാറ്റങ്ങൾക്കാണ് വിധേയമായിക്കൊണ്ടിരിക്കുന്നത്. അതിനാൽ തന്നെ എയർപോർട്ടിലേക്കുള്ള റോഡ് നിർമ്മാണത്തെക്കാളുപരി പരിസ്ഥിതി ആഘാത പഠനത്തിനാണ് മുൻഗണന നൽകേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഓഖിയിലാണ് ആദ്യമായി ശംഖുംമുഖം തീരം തകർന്നത്. അന്ന് എയർപോർട്ട് റോഡിന്റെ ഒരുഭാഗവും ഒലിച്ചു പോയിരുന്നു .ബീച്ചിനായി നിർമ്മിച്ച കല്പടവുകളും ഇരിപ്പിടങ്ങളുമെല്ലാം കടലെടുത്തുപോയിരുന്നു .ഏറെ വർഷങ്ങൾ അങ്ങനെതന്നെ കിടന്നു. അടുത്തിടെയാണ് ശംഖുംമുഖം തീരത്തിന്റെ സൗന്ദര്യവത്‌ക്കരണവും റോഡിന്റെ പുനർനിർമ്മാണവും ആരംഭിച്ചത്. ഇതിനായി റോഡിന്റെ തകർന്ന ഭാഗത്ത് മണ്ണിട്ട് നിരത്തി കോൺക്രീറ്റ് ചെയ്യാനുള്ള പണി ആരംഭിച്ചിരുന്നു.അതെല്ലാം ഈ കടലാക്രമണത്തിൽ വീണ്ടും നശിച്ചുപോയിരിക്കുകയാണ്.

ബീച്ചിലേക്ക് ടൈൽ പാകിയ നടവഴിയും ലാൻഡ് സ്കേപ്പിംഗും ബീച്ച് പരിസരം പ്രകാശപൂരിതമാക്കാൻ ആധുനിക ലൈറ്റിംഗ് സംവിധാനങ്ങളുമെല്ലാം സ്ഥാപിക്കുന്ന പണി ഏകദേശം പൂർത്തിയായി വരികയായിരുന്നു.തീരത്തോട് ചേർന്ന് നടന്ന ഈ നിർമ്മാണങ്ങളെല്ലാം തിരമാലകൾ കവർന്നെടുത്തു. ബീച്ചിലേക്കിറങ്ങുന്ന കല്പടവുകൾ കഴിഞ്ഞാൽ ഏകദേശം നൂറ് മീറ്റർ മാറിയാണ് സഞ്ചാരികൾ കാൽ നനയ്ക്കാനിറങ്ങുന്ന തീരം ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ പടവുകളെല്ലാം തകർത്ത തിരമാലകൾ വടക്കു ഭാഗത്തെ പഴയ കൽമണ്ഡപത്തിന് സമീപത്തെത്തിയിരിക്കുകയാണ്.