music

കൊവിഡ് കാലത്ത് ജനങ്ങൾ രോഗത്തെ ഭയന്നും വരുമാന നഷ്‌ടം കൊണ്ടും വല്ലാതെ ബുദ്ധിമുട്ടുകയാണല്ലോ. ഇത്തരത്തിൽ ബുദ്ധിമുട്ടുന്നവരിൽ പാവപ്പെട്ടവനും പണക്കാരനുമെല്ലാമുണ്ട്. കലാരംഗത്തുള‌ളവരും ഇങ്ങനെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. ഇത്തരത്തിൽ ഒരു വീഡിയോ ഷെയർ ചെയ്‌തിരിക്കുകയാണ് സംഗീതജ്ഞനായ പ്രകാശ് ഉള‌ളി‌യേരി.

ഒരു കാളയുമൊത്ത് ആളൊഴിഞ്ഞ തെരുവിൽ നിന്ന് നാദസ്വര വിദ്വാൻ ഭംഗിയായി വായിക്കുമ്പോൾ ആരും അദ്ദേഹം വായിക്കുന്നത് കേൾക്കാനോ തിരിഞ്ഞുനോക്കാനോ തയ്യാറാകുന്നില്ല. അദ്ദേഹം വായിയ്ക്കുന്നത് കേൾക്കാൻ കൂടെയുള‌ള ആ കാള മാത്രം. ഏറെനാൾ സാധകം ചെയ്‌താൽ മാത്രമേ ഇങ്ങനെ വായിക്കാൻ കഴിയൂവെന്നും തനിക്കതറിയാം കാരണം തന്റെ അച്ഛൻ നാദസ്വര കലാകാരനായിരുന്നുവെന്നും പ്രകാശ് ഉള‌ളിയേരി ഫേസ്‌ബുക്കിൽ വീഡിയോ ഷെയർ ചെയ്‌ത് പറയുന്നു. കർണാടക സംഗീതത്തിന്റെ പിതാമഹനായ പുരന്തര ദാസൻ പതിനാറാം നൂ‌റ്റാണ്ടിൽ രചിച്ച 'ജഗദോദ്ധാരന എന്ന പ്രസിദ്ധമായ കൃതിയാണ് നാദസ്വര കലാകാരൻ വായിച്ചത്.

പ്രകാശ് ഉള‌ളിയേരിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റ് ചുവടെ:

കുറച്ച് നേരത്തെ ഒരു സുഹൃത്ത് അയച്ചു തന്ന ഒരു വീഡിയോ.....വല്ലാത്ത വിഷമായി ...ഇത് ആരാണ് എന്നൊന്നും അറിയില്ല.....പക്ഷെ അദ്ദേഹം വായിയ്ക്കുന്നത് കേൾക്കാൻ കൂടെയുള്ള ആ മൃഗ ജീവി മാത്രം....ഏത് വീടിന്റെ മുന്നിൽ ആണൊ ആവോ....ആ വീട്ടിലെ പട്ടി കുരയ്ക്കുന്നതല്ലാതെ ആ വീട്ടുകാർ ഒന്നു നോക്കുന്നു പോലും ഇല്ല.....!നാദസ്വരം എന്ന സംഗീത ഉപകരണം എത്ര നാൾ സാധകം ചെയ്താലാണ് ഇങ്ങനെ ഇദ്ദേഹം വായിയ്ക്കുന്നത് പോലെ വായിക്കാൻ കഴിയുക എന്നറിയൊ.....!!! എനിയ്ക്ക് അറിയാം കാരണം എന്റെ അച്ഛനും ഒരു നാദസ്വരം കലാകാരൻ ആയിരുന്നു.....എന്നെയും പഠിപ്പിയ്ക്കാൻ ശ്രമിച്ചിട്ടുണ്ട് അച്ഛൻ....കഴിഞ്ഞില്ല എന്നെ കൊണ്ട്....!സംഗീതം കൊണ്ട് ഉപജീവനം നടത്തുന്ന ഈ പ്രതിഭയ്ക്ക് മൂന്നിൽ നമസ്‌കരിയ്ക്കുന്നു.....!ഇങ്ങിനെയുള്ള ഈ അവസ്ഥ വന്നതിൽ ദുഃഖവും.....!! ബഹുമാനപ്പെട്ട കലാകാരാ.....ഇങ്ങനെ കുറച്ചു കാലം കൂടി സഹിയ്‌ക്കേണ്ടി വന്നാൽ ഒട്ടു മിക്ക കലാകാരൻമാരെയും റോട്ടിൽ ഈ അവസ്ഥയിൽ കണേണ്ടിവരും....(റോട്ടിലെങ്കിലും പാടാൻ കഴിയുന്ന കാലത്ത്) വലിയ കലാകാരൻമാർ വലിയ രീതിയിൽ സഹിയ്ക്കുമ്പോൾ ആരാലും പരിഗണിയ്ക്കപ്പെടാത്ത കലാകാരൻമാർ ദിവസങ്ങൾ എണ്ണി സഹിയ്ക്കുന്നു....പ്രതീക്ഷയോടെ.....ബഹുമാനപ്പെട്ട പ്രതിഭയായ നാദസ്വരം കലാകാരാ.....അങ്ങേയ്ക്ക് നമസ്‌കാരം.