abraham

തിരുവനന്തപുരം: കെ എം എബ്രഹാം മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി. നിലവില്‍ കിഫ്ബി സി ഇ ഒ ആണ് കെ എം എബ്രഹാം. കിഫ്ബി അഡീഷണല്‍ സി ഇ ഒ ആയി സത്യജിത്ത് രാജയെ നിയമിച്ചു. 1982 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനായ ഡോ കെ എം എബ്രഹാം 2019ലാണ് ചീഫ് സെക്രട്ടറിയായി സർവീസിൽ നിന്നും വിരമിച്ചത്. കേരള സർവകലാശാലയിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ബിടെകും കാൺപൂർ ഐ ഐ ടിയിൽനിന്ന് എം ടെകും നേടിയശേഷം അമേരിക്കയിലെ മിഷിഗന്‍ സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റ് നേടിയ എബ്രഹാം 2008 മുതൽ 2011വരെ സെബി അംഗമായിരുന്നു.

അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി സി എം.രവീന്ദ്രന്‍ തന്നെ തുടരും. സി എം രവീന്ദ്രന്‍ ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്തും മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. സ്വര്‍ണക്കടത്ത്, ഡോളര്‍ക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് സി എം രവീന്ദ്രനെ ചോദ്യം ചെയ്‌തിരുന്നു.

എ.രാജശേഖന്‍ നായര്‍ സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയാകും. ദിനേശ് ഭാസക്കര്‍, പി ഗോപന്‍ എന്നിവരും അഡിഷണല്‍പ്രൈവറ്റ് സെക്രട്ടറിമാരാകും. നേരത്തെ കെ കെ രാഗേഷിനെ പ്രൈവറ്റ് സെക്രട്ടറിയാക്കി നിയമ ഉത്തരവ് പുറത്തുവന്നിരുന്നു.