yogi

പ്രയാഗ്‌രാജ്: ഗംഗാനദീതടത്തിൽ നൂറ് കണക്കിന് പേരുടെ മൃതദേഹങ്ങൾ വന്നടിഞ്ഞത് ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥിന്റെ സർക്കാരിനെ കുറച്ചൊന്നുമല്ല മുൾമുനയിൽ നിർത്തിയത്. നദീതടത്തിൽ മൃതദേഹങ്ങൾ കുഴിച്ചുമൂടിയാണ് സർക്കാർ അന്ന് വിമർശനങ്ങളിൽ നിന്നും തലയൂരിയത്. എന്നാൽ ഇപ്പോഴിതാ അതേ മൃതദേഹങ്ങൾ വീണ്ടും പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുകയാണ്.

ഗംഗാനദീതടത്തിൽ കനത്ത മഴയെ തുടർന്ന് മണ്ണൊലിച്ചുപോയതോടെ മൃതദേഹങ്ങളെ മൂടിയിരുന്ന കാവിവസ്‌ത്രങ്ങൾ പുറത്തുകാണുന്ന സ്ഥിതിയുണ്ടായി. മാത്രമല്ല മൃതദേഹാവശിഷ്‌ടങ്ങൾ തെരുവ് നായ്‌ക്കൾ പുറത്തെടുത്ത് കഴിക്കുന്നതായും പ്രദേശവാസികൾ പരാതി പറയുന്നു.

നൂറ് കണക്കിന് മൃതദേഹങ്ങൾ മുളന്തണ്ടുകൾ ഉപയോഗിച്ച് തിരിച്ച് പ്രയാഗ്‌രാജിലെ ഗംഗാനദീതടത്തിൽ സംസ്‌കരിച്ച കാഴ്‌ച റൂയി‌റ്റേഴ്‌സ് പുറത്തുവിട്ടിരുന്നു. ഇത് വലിയ വിമർശനമാണ് സംസ്ഥാന സർക്കാരിനെതിരെ സൃഷ്‌ടിച്ചത്. ചിലയിടങ്ങളിൽ മുളന്തണ്ടുകൾ ഇളകിപ്പോയതായും കാണുന്നുണ്ട്.

നൂറ് കണക്കിന് മൃതദേഹങ്ങൾ ഇങ്ങനെ വീണ്ടും പുറത്ത് കാണുന്ന തരത്തിലായി. ഇതോടെ തദ്ദേശ സ്ഥാപനത്തിലെ ജീവനക്കാർ വീണ്ടും ഇവ കുഴിച്ചുമൂടുകയാണ്. മൃതദേഹം കുഴിച്ചുമൂടുന്ന പതിവുള‌ളവർക്ക് പ്രത്യേക സ്ഥലവും സംസ്‌കരിക്കേണ്ടവർക്ക് വിറകും നൽകുമെന്നാണ് ഇപ്പോൾ അധികൃതർ അറിയിക്കുന്നത്.

അതേസമയം സംസ്ഥാനത്ത് ഒരിടത്തും മൃതദേഹങ്ങൾ ഗംഗയിലൊഴുക്കുന്നില്ലെന്ന് ഉറപ്പാക്കാൻ പൊലീസ് പട്രോളിംഗ് ഗംഗാനദിയിൽ നടത്താൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദ്ദേശിച്ചിരുന്നു. സംസ്ഥാന സർക്കാർ നിരന്തരം ആവശ്യപ്പെട്ടിട്ടും പലരും ഇപ്പോഴും ഗംഗാതടത്തിൽ മൃതദേഹങ്ങൾ കുഴിച്ചുമൂടുന്നത് തുടരുകയാണ്. മൃതദേഹങ്ങൾ സംസ്‌കരിക്കുന്നത് അർഹിക്കുന്ന ബഹുമതിയോടെ വേണമെന്നും അതിന് വേണ്ട സാമ്പത്തിക സഹായം ചെയ്യാമെന്ന് മുഖ്യമന്ത്രി തന്നെ അറിയിച്ചിട്ടും ജനങ്ങൾ അത് അർഹിക്കുന്ന ഗൗരവത്തിലെടുക്കുന്നില്ലാത്ത സ്ഥിതിയാണ്.