
മുംബയ്: കുട്ടിപ്പാവാടയും ഹൈഹീൽഡ് ഷൂസും ട്രെൻഡി ടോപ്പും ധരിച്ച് കൂളിംഗ് ഗ്ളാസും വച്ച് മുടിയഴിച്ചിട്ടിരിക്കുന്ന സൂപ്പർ സുന്ദരി. കണ്ടാൽ ആരും നോക്കി നിന്നുപോകും. 3.2 മില്യൺ ആളുകളാണ് 'മോഡേൺ സുന്ദരിയുടെ' വീഡിയോ കണ്ട് ആസ്വദിച്ചത്.
പക്ഷേ, സുന്ദരിയുടെ പ്രായം മധുരപ്പതിനേഴല്ല, അതിനേക്കാൾ മാധുരമേറിയ 76 ആണെന്ന് മാത്രം.
മുംബയിലെ മിസിസ് വർമ്മയാണ് ഈ കൂളസ്റ്റ് സുന്ദരി ബ്ളോഗർ. ഇൻസ്റ്റഗ്രാമിൽ 14,000 ഫോളോവേഴ്സാണ് ഈ സുന്ദരിക്കുട്ടിക്കുള്ളത്.
പ്രായം വെറും നമ്പറാണെന്ന പ്രയോഗത്തിന് അടിവരയിടുന്നതാണ് മുത്തശ്ശിയുടെ ട്രെൻഡി റീൽ വീഡിയോസ്.
മിസ്റ്റർ ആൻഡ് മിസിസ് വർമയെന്ന ഇൻസ്റ്റഗ്രാം ഐഡിയിൽ മുത്തശ്ശിയും ഭർത്താവും ചേർന്നൊരുക്കിയ വീഡിയോകൾക്ക് കാഴ്ചക്കാർ നിരവധിയാണ്. പ്രായം ഒരു തടസമല്ലെന്ന് ഞങ്ങൾ വിശ്വസിക്കുന്നു എന്നാണ് ഐഡിയിൽ നൽകിയിരിക്കുന്ന ബയോ.
'എന്തുകൊണ്ട് പാടില്ല? എനിക്ക് 76 വയസാണ്, നഗരത്തിലെ ഏറ്റവും കൂളായ ഇൻഫ്ളുവൻസറാകണമെന്നാണ് ആഗ്രഹം. നിങ്ങൾഎന്താകണമെന്ന് ആഗ്രഹിക്കുന്നവോ അതാകുന്നതിന് ഒരിക്കലും വൈകിയിട്ടില്ല.' - കൂൾ മുത്തശ്ശി പറയുന്നു.
ലോക്ക്ഡൗണിൽ വെറുതെയിരുന്ന് ബോറടിച്ച മുത്തശിക്ക് ഇൻസ്റ്റഗ്രാം പരിചയപ്പെടുത്തി കൊടുത്തത് കൊച്ചുമകളാണ്. താമസിയാതെ ഇൻസ്റ്റഗ്രാം മുത്തശ്ശിക്കൊരുഹരമായി. മേക്കോവറുകളും, ഭർത്താവിനൊപ്പമുളള തമാശകളും സെൽഫികളുമെല്ലാം പങ്കുവച്ച് പതിയെ മുത്തശ്ശി താരമാകുകയായിരുന്നു.