ചെന്നൈ: ഓൺലൈൻ ക്ളാസിനിടെ അശ്ലീലം കാട്ടുകയും വിദ്യാർത്ഥിനികൾക്ക് വാട്സാപ്പിൽ ലൈംഗിക ചുവയുള്ള സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്തെന്ന പരാതിയിൽ സ്വകാര്യ സ്‌കൂൾ അദ്ധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു.
ചെന്നൈ കെ.കെ. നഗറിലെ പത്മ ശേഷാദ്രി ബാല വിദ്യാഭവൻ സ്‌കൂളിലെ ഹയർസെക്കൻഡറി വിഭാഗം അദ്ധ്യാപകൻ രാജഗോപാലനെയാണ് (59) അറസ്റ്റ് ചെയ്തത്.
സാമൂഹിക മാദ്ധ്യമങ്ങളിലൂടെ വിദ്യാർത്ഥിനികൾ ലൈംഗികാരോപണം ഉന്നയിച്ചതിനെ തുടർന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഷർട്ട് ധരിക്കാതെ തോർത്ത് മാത്രം ധരിച്ച് ഓൺലൈൻ ക്ലാസിൽ പങ്കെടുത്ത രാജഗോപാൽ അശ്ലീലസന്ദേശങ്ങൾ അയയ്ക്കുന്നതും ലൈംഗികചുവയുള്ള സംഭാഷണങ്ങൾക്ക് ശ്രമിക്കുന്നതും പതിവാണെന്ന് വിദ്യാർത്ഥിനികൾ ആരോപിച്ചു. വിദ്യാർത്ഥിനികളോട് നഗ്നചിത്രങ്ങൾ അയയ്ക്കാനും ഇയാൾ ആവശ്യപ്പെട്ടു. അദ്ധ്യാപകൻ മുമ്പ് തങ്ങളോടും മോശമായി പെരുമാറിയിരുന്നുവെന്ന് മുൻ വിദ്യാർത്ഥിനികളും ആരോപിച്ചു.
ഡി.എം.കെ എം.പി. കനിമൊഴി അടക്കമുള്ളവർ ആരോപണം ഏറ്റെടുത്തതോടെയാണ് പൊലീസ് രാജഗോപാലനെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ ഫോൺ, ലാപ്‌ടോപ്പ് തുടങ്ങിയവയും പിടിച്ചെടുത്തു.
കുടുംബാംഗങ്ങളെയും ചോദ്യംചെയ്തു. അഞ്ചു വർഷമായി വിദ്യാർത്ഥിനികളുമായി അശ്ലീല ചുവയോടെ ഇടപെട്ടിരുന്നതായി രാജഗോപാലൻ പൊലീസിനോട് സമ്മതിച്ചെന്നാണ് വിവരം.
സ്‌കൂളിൽ 20 വർഷത്തിലധികമായി ജോലിചെയ്യുന്ന അദ്ധ്യാപകനെതിരെ ഇതുവരെ ഇത്തരം പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് വിശദീകരിച്ച സ്‌കൂൾ അധികൃതർ പിന്നീട് ഇയാളെ സസ്‌പെൻഡ് ചെയ്തു.