തിരുവനന്തപുരം: ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75ാം വാർഷികാഘോഷത്തിന്റെ ഭാഗമായി കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ കീഴിലുള്ള ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ 75 ആഴ്ച നീളുന്ന 'ആസാദി കാ മഹോത്സവ്' ആരംഭിച്ചു.തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. ശ്രീചിത്രയുടെ പൂമുഖത്ത് സ്ഥാപിച്ചിട്ടുള്ള ദശകങ്ങൾ പഴക്കമുള്ള ലോഹപാളിയിലുള്ള ശ്രീനിവാസലുവിന്റെ കലാസൃഷ്ടി പുനരുദ്ധരിച്ചതിന്റെ ഉദ്ഘാടനവും അശ്വതിതിരുനാൾ ഗൗരി ലക്ഷ്മിബായി നിർവഹിച്ചു. ശിവകുമാർ തിരുമലയാണ് ലോഹകലാസൃഷ്ടി പുനരുദ്ധരിച്ചത്. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചരിത്രം പറയുന്ന ഡോക്യുമെന്ററിയുടെ പ്രകാശനം ഡി.ജി.പി ലോകനാഥ് ബെഹ്റയ്ക്ക് നൽകി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ.കെ. ജയകുമാർ നിർവഹിച്ചു. ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് സ്മാരകഗ്രന്ഥത്തിന്റെ പ്രകാശനവും ലോഗോ,പെയിന്റിംഗ്, ഫോട്ടോഗ്രഫി പ്രദർശന ഉദ്ഘാടനവും ചിത്രകാരി സജിത ആർ.ശങ്കർ നിർവഹിച്ചു. സെമിനാറുകൾ, യോഗ, ദണ്ഡി യാത്രയെ സ്മരിക്കുന്ന വാക്കത്തോൺ,മ്യൂസിക് നൈറ്റ് എന്നിവ തുടർആഴ്ചകളിൽ ഉണ്ടാകുമെന്ന് മുഖ്യ സംഘാടക പ്രൊഫ.ആശാലത അറിയിച്ചു.