തിരുവനന്തപുരം: ലക്ഷദ്വീപില്‍ തീവ്രവാദ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ വാദം തള്ളി ദ്വീപിലെ ബി.ജെ.പി ജനറല്‍ സെക്രട്ടറി എച്ച്.കെ. മുഹമ്മദ് കാസിം. ലക്ഷദ്വീപിലെ ജനങ്ങളൊരിക്കലും ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടില്ല. അതൊക്കെ തെറ്റാണ്. അങ്ങനെയൊരു ചിന്ത പോലും അവിടുത്തെ ജനങ്ങള്‍ക്ക് ഉണ്ടായിട്ടില്ല. ഏറ്റവും സമാധാനപരമായ ഒരു സ്ഥലമാണ് ലക്ഷദ്വീപ്. ഇവിടെ സീറോ ക്രൈമാണ്. ലക്ഷദ്വീപിലെ ജനങ്ങള്‍ വളരെ നല്ല ആളുകളാണെന്നും കാസിം പ്രതികരിച്ചു.
ദ്വീപിലെ ചില ജനവാസമില്ലാത്ത സ്ഥലങ്ങളിൽ തീവ്രവാദ പ്രവർത്തനങ്ങളും മയക്കുമരുന്ന്ക്കടത്തും നടക്കുന്നുണ്ടെന്ന വാർത്ത മാദ്ധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. ഇത്തരം വിധ്വംസക പ്രവർത്തനങ്ങൾ കേന്ദ്രസർക്കാർ അനുവദിക്കില്ല. എന്നാൽ ഇതെല്ലാം ഒരു മതവിഭാഗത്തിന് എതിരാണെന്ന് വരുത്തി തീർക്കാനാണ് കേരളത്തിലെ ചിലർ ശ്രമിക്കുന്നത്. കവരത്തി വിമാനത്താവളത്തിൻ്റെ വികാസത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങളെ തുരങ്കംവെക്കുകകയാണ് ഇവരുടെ ലക്ഷ്യമെന്നും സുരേന്ദ്രൻ നേരത്തെ പറഞ്ഞിരുന്നു.
ലക്ഷദ്വീപ് വിഷയവുമായി ബന്ധപ്പെട്ട് കാസിം നേരത്തെെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. അഡ്മിനിസ്‌ട്രേറ്ററായി പ്രഫുല്‍ പട്ടേല്‍ എത്തിയതിനു പിന്നാലെ നടത്തിയ പരിഷ്‌കാരങ്ങള്‍ ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ദ്വീപിലെ കര്‍ഷകര്‍ക്ക് നല്‍കി വന്ന സഹായങ്ങള്‍ നിര്‍ത്തലാക്കിയതിനെ കുറിച്ചും സ്‌കൂളുകള്‍ അടച്ചുപൂട്ടിയതിനെ കുറിച്ചും കരാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരെ പിരിച്ചുവിട്ടതിനെ കുറിച്ചും കത്തില്‍ പരാമര്‍ശിച്ചിരുന്നു.