lakshadweep

തിരുവനന്തപുരം: അഡ്മിനിസ്ട്രേറ്റീവ് ഭരണത്തണലിൽ നടപ്പിലാക്കുന്ന സംഘപരിവാ‍ർ അജണ്ടയ്ക്കെതിരെ ലക്ഷദ്വീപ് ജനത നടത്തുന്ന പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം എന്ന നിലയിൽ കേരള നിയമസഭ പ്രമേയം പാസാക്കണമെന്ന ആവശ്യവുമായി യൂത്ത് കോൺ​ഗ്രസ്. ഈ ആവശ്യം ഉന്നയിച്ച് യൂത്ത് കോൺ​ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ സ്പീക്കര്‍ക്കും, മുഖ്യമന്ത്രിക്കും, പ്രതിപക്ഷ നേതാവിനും കത്തു നൽകിയതായി ഷാഫി ഫേസ്ബുക്കിലൂടെ അറിയിച്ചു.

ഷാഫി പറമ്പിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ലക്ഷദ്വീപിൽ നടക്കുന്നത് കേന്ദ്ര സർക്കാരിന്റെ സംഘപരിവാർ അജണ്ടകൾ നടപ്പിലാക്കുവാനുള്ള സാംസ്കാരിക അധിനിവേശമാണ്. ആ ഫാഷിസ്റ്റ് പ്രക്രിയയുടെ ഒരു ഉപകരണം മാത്രമാണ് ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റർ. ലക്ഷദ്വീപിലെ ജനതയ്ക്ക് വേണ്ടി ശബ്ദമുയർത്തേണ്ടുന്നത് ഓരോ ജനാധിപത്യ ബോധമുള്ള ഇന്ത്യക്കാരന്റെയും ഉത്തരവാദിത്വമാണ്.

ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ ഉദാത്തമായ വേദിയാണ് കേരള നിയമസഭ. മുൻ കാലങ്ങളിലെ പോലെ ഈ ഫാഷിസ്റ്റ് അതിക്രമത്തിനെതിരെയുള്ള യോജിച്ച ശബ്ദവും കേരള നിയമസഭയിൽ നിന്ന് മുഴങ്ങുവാൻ, ഒരു ഐക്യദാർഢ്യ പ്രമേയം പാസാക്കുവാൻ ബഹുമാനപ്പെട്ട സ്പീക്കർക്കും, മുഖ്യമന്ത്രിക്കും, പ്രതിപക്ഷ നേതാവിനും കത്ത് നല്കി.