ന്യൂഡൽഹി: റോയൽ എൻഫീൽഡ് തങ്ങളുടെ ചില ജനപ്രിയ മോഡലുകൾ തിരിച്ചു വിളിക്കുന്നു. ഇന്ത്യയുൾപ്പെടെ ഏഴു രാജ്യങ്ങളിൽ വിറ്റഴിച്ച മെറ്റിയർ 350, ബുള്ളറ്റ് 350, ക്ലാസിക് 350 എന്നീ മോഡലുകളുടെ 2,36,966 യൂണിറ്റ് ബൈക്കുകൾ തിരിച്ചുവിളിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ചില മോട്ടോർസെെക്കിളുകളിൽ ഉപയോഗിച്ചിരിക്കുന്ന പാർട്‌സിന് തകരാറുളളതായി കണ്ടെത്തിയതിനെത്തുടർന്നാണ് കമ്പനി ബെെക്കുകൾ തിരിച്ചു വിളിക്കാൻ തീരുമാനിച്ചിരിക്കുന്നതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മോട്ടോർസൈക്കിളുകളിലെ ഇഗ്നിഷൻ കോയിൽ തെറ്റായി പ്രവർത്തിക്കുന്നതായും ഇത് വാഹനത്തിന്റെ പ്രവർത്തനത്തെ ബാധിക്കുമെന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു. അപൂർവ സന്ദർഭങ്ങളിൽ, ഈ പ്രശ്നം ഇലക്ട്രിക് ഷോർട്ട് സർക്യൂട്ടിന് കാരണമായേ്ക്കാമെന്നും കമ്പനി വ്യക്തമാക്കി. റോയൽ എൻഫീൽഡ് ബൈക്കുകളിൽ സ്ഥിരമായി നടത്തുന്ന പരിശോധനയിലാണ് കമ്പനി തകരാർ കണ്ടെത്തിയത്.
2020 ഡിസംബർ മുതൽ 2021 ഏപ്രിൽ വരെ നിർമ്മിച്ച മോട്ടോർസൈക്കിളുകളെയാണ് ഈ തകരാർ ബാധിക്കുക. 2020 ഡിസംബറിനും 2021 ഏപ്രിലിനും ഇടയിൽ നിർമ്മിച്ച മെറ്റിയർ 350 മോഡലുകൾ, 2021 ജനുവരി മുതൽ ഏപ്രിൽ വരെ നിർമ്മിക്കുകയും വിൽക്കുകയും ചെയ്തിട്ടുളള ബുള്ളറ്റ് 350, ക്ലാസിക് 350 എന്നിവയ്ക്കും തിരിച്ചുവിളിക്കൽ ബാധകമാണ്. 2020 ഡിസംബർ, 2021 ഏപ്രിൽ മാസങ്ങളിൽ തായ്‌ലാൻഡ്, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, ഓസ്‌ട്രേലിയ, ന്യൂസിലാന്റ്, മലേഷ്യ എന്നീ രാജ്യങ്ങളിൽ വിറ്റ മെറ്റിയർ, ക്ലാസിക്, ബുള്ളറ്റ് മോഡലുകളെയും ഈ നടപടി ബാധിക്കും.
തിരിച്ചുവിളിക്കുന്ന മോഡലുകളുടെ പത്ത് ശതമാനം ബെെക്കുകളിൽ മാത്രമേ ഇഗ്നിഷൻ കോയിൽ മാറ്റി സ്ഥാപിക്കേണ്ടി വരൂ എന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. തിരിച്ചുവിളിക്കൽ ബാധിക്കുന്ന ബൈക്കുകളുടെ ഉപഭോക്താക്കളെ സർവീസ് ടീമും ഡീലർഷിപ്പുകളും സമീപിക്കാൻ തുടങ്ങുമെന്ന് റോയൽ എൻഫീൽഡ് വ്യക്തമാക്കി. ഡീലർഷിപ്പുകളുമായി ബന്ധപ്പെടാനും വാഹന തിരിച്ചറിയൽ നമ്പറിനെ അടിസ്ഥാനമാക്കി തിരിച്ചുവിളിക്കൽ തങ്ങളുടെ ബൈക്കുകളെ ബാധിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാനും ഉപയോക്താക്കൾക്ക് കഴിയുമെന്ന് കമ്പനി അറിയിച്ചു.