vvv

ഒഡെസ: കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ടതാണ് വാൾട്ട് ഡിസ്നിയുടെ രാജകുമാരിമാരുടെ കഥകൾ. മിക്കി മൗസ്, ഡൊണാൾഡ് ഡക്ക്, ലയൺ കിംഗ്, ടോഡ് ആൻഡ് കോപ്പർ ഇങ്ങനെ എണ്ണമറ്റ ഡ‌ിസ്നി സൃഷ്ടികൾക്കൊപ്പം തന്നെ കുട്ടികളുടെയും മുതിർന്നവരുടെയും മനസ് കീഴടക്കിയതാണ് നാടോടിക്കഥകളിൽ നിന്നും ഉത്ഭവിച്ച സിൻഡെറല്ല, സ്നോവൈറ്റ്, ബ്യൂട്ടി ആൻഡ് ദ ബീസ്റ്റ് തുടങ്ങിയ കഥകളിലെ രാജകുമാരിമാരും.

2010ൽ പുറത്തിറങ്ങിയ ടാൻഗിൽഡ് എന്ന ചിത്രത്തിലൂടെ ആരാധാകരെ കീഴടക്കിയ ഡിസ്നി രാജകുമാരിയാണ് റാപൻസെൽ. നീണ്ട സ്വർണ നിറത്തിലെ തലമുടിയാണ് റാപൻസെല്ലിന്റെ പ്രത്യേകത. ജർമൻ നാടോടിക്കഥകളിൽ നിന്നാണ് റാപൻസെല്ലിന്റെ ഉത്ഭവം. ദുഷ്ടയായ ഒരു മന്ത്രവാദിനി ഫ്രെഡറിക് രാജാവിന്റെയും അരിയാന രാജ്ഞിയുടെയും മകളായ റാപൻസെല്ലിനെ കുട്ടിയായിരിക്കെ തട്ടിക്കൊണ്ടു പോയി ഒരു കൂറ്റൻ ഗോപുരത്തിന് മുകളിൽ താമസിപ്പിക്കുന്നതാണ് കഥ.

റാപെൻസെല്ലിനെ പോലെ സ്വർണ നിറത്തിലെ നീളൻ തലമുടി വേണമെന്ന് ആഗ്രഹിക്കാത്തവർ ചുരുക്കമായിരിക്കും. അത്തരത്തിൽ റാപെൻസെല്ലിനെ പോലെത മനോഹരമായ സ്വർണ തലമുടിയോട് കൂടിയ ഒരു യുവതി സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഉക്രൈനിലെ ഒഡെസ സ്വദേശിയായ അലെന ക്രവ്‌ചെങ്കോ എന്ന 35 കാരിയ്ക്കാണ് റാപെൻസെല്ലിന്റേത് പോലെ നിലത്തിഴയുന്ന ഇടതൂർന്ന തലമുടിയുള്ളത്. അഞ്ചടി ആറിഞ്ചാണ് അലെനയുടെ ഉയരം. 6.5 അടിയാണ് അലെനയുടെ മുടിയുടെ നീളം. ബ്ലോണ്ട് നിറത്തിലെ തന്റെ മനോഹരമായ തലമുടി അവസാനമായി മുറിച്ചത് 5 വയസിലായിരുന്നുവെന്ന് അലെന പറയുന്നു.

തന്റെ നീണ്ട മുടിയ്ക്ക് പിന്നിലെ സീക്രട്ടും അലെന പറയുന്നുണ്ട്. ആഴ്ചയിൽ ഒരിക്കൽ മാത്രമാണ് മുടി നനയ്ക്കുന്നത്. 30 മിനിറ്റെങ്കിലും വേണം മുടി കഴുകിയെടുക്കാൻ. നനഞ്ഞിരിക്കുന്ന മുടി ഒരിക്കലും ചീകില്ല. മുടി ഉണക്കാൻ ഹീറ്റോ മറ്റ് ഉപകരണങ്ങളുടെ സഹായമോ അലെന തേടില്ല. മുടിയെ സ്വാഭാവികമായി ഉണങ്ങാൻ അനുവദിക്കും. വളരെ സിംപിളായിട്ടുള്ള ഹെയർ മാസ്കുകളും മസാജിംഗും മുടിയുടെ ആരോഗ്യം നിലനിറുത്താൻ ഇടയ്ക്ക് ചെയ്യാറുണ്ട്. അഞ്ചാം വയസ് മുതലാണ് അലെന തന്റെ മുടി നീട്ടി വളർത്താൻ തുടങ്ങിയത്. ഇൻസ്റ്റഗ്രാമിൽ 57,000ത്തിലേറെ ഫോളോവേഴ്സാണ് അലെനയ്ക്കുള്ളത്.