മുംബയ്: ഇക്കൊല്ലത്തെ ആദ്യ പൂർണ ചന്ദ്രഗ്രഹണത്തോടൊപ്പം അതിമനോഹരമായ സൂപ്പർമൂൺ, ബ്ലഡ് മൂൺ എന്നിവയും ഇന്ന് രാത്രി കാണാം. ഇന്ത്യയിൽ വൈകിട്ട് 3.15നും 6.23നും ഇടയിലാണ് ഗ്രഹണം ദൃശ്യമാകുക.
ചന്ദ്രന്റെ ഭ്രമണപാത, ഭൂമിക്ക് ഏറ്റവും അടുത്തെത്തുന്ന സ്ഥലമായ പെരിജി ബിന്ദുവിൽ പൂർണചന്ദ്രൻ ദൃശ്യമാകുന്നതാണ് സൂപ്പർമൂൺ. മറ്റു സമയങ്ങളിൽ കാണപ്പെടുന്നതിനേക്കാൾ ചന്ദ്രൻ വലുപ്പത്തിൽ ദൃശ്യമാകുന്നതാണ് സൂപ്പർ മൂൺ.
പൂർണ ചന്ദ്രഗ്രഹണത്തിന് പിന്നാലെ ഭൂമിയിൽ നിന്ന് നോക്കുമ്പോൾ ചുവപ്പുനിറത്തിൽ ചന്ദ്രൻ ദൃശ്യമാകുന്ന അത്യപൂർവ കാഴ്ചയാണ് സൂപ്പർ ബ്ലഡ് മൂൺ. ഏഷ്യയുടെ കിഴക്കൻ തീരം,പസഫിക് സമുദ്രം,ആസ്‌ട്രേലിയ, അമേരിക്കയുടെ പടിഞ്ഞാറൻ തീരം എന്നീ ഭാഗങ്ങളിലാണ് ഗ്രഹണം വ്യക്തമായി കാണാനാകുക. രാജ്യത്ത് സിക്കിം ഒഴികെയുള്ള വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ഒഡിഷയിലെയും ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തീരപ്രദേശങ്ങളിലും ഗ്രഹണത്തിന്റെ അവസാന ഘട്ടം കാണാനാകും.