vvv

ബമാകോ: ആഫ്രിക്കൻ രാജ്യമായ മാലിയിൽ വീണ്ടും പട്ടാള അട്ടിമറിയെന്ന് സൂചന. ഇടക്കാല സർക്കാരിലെ പ്രസിഡന്റ്, പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി എന്നിവരെ സൈന്യം അറസ്റ്റ് ചെയ്തു. പ്രധാനമന്ത്രി ബാ എന്റാ, പ്രധാനമന്ത്രി മൊക്താർ ഔൻ, പ്രതിരോധ മന്ത്രി സുലൈമാൻ ദുകോർ എന്നിവരെ തലസ്ഥാന നഗരമായ ബമാകോവിലെ സൈനിക താവളത്തിലേക്ക് മാറ്റിയതായാണ് വിവരം.

തിങ്കളാഴ്ച സർക്കാർ നടത്തിയ പുനഃസംഘടനയിൽ മുമ്പ് നടന്ന പട്ടാള അട്ടിമറിയിൽ പങ്കാളികളായ രണ്ട് സൈനിക പ്രമുഖരെ ഉന്നത പദവിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സൈനിക നടപടിയുണ്ടായത്. കഴിഞ്ഞ ആഗസ്റ്റിൽ പ്രസിഡന്റ് ഇബ്രാഹിം അബൂബക്കർ കീറ്റയെയും സൈന്യം അറസ്റ്റ് ചെയ്തിരുന്നു. മാലിയിലെ സൈനിക ഇടപെടലിനെ പറ്റി ആഫ്രിക്കൻ യൂണിയനും ഐക്യരാഷ്ട്ര സഭയുമാണ് വിവരങ്ങൾ പുറത്തു വിട്ടത്.

ഭരണാധികാരികളെ ഉടൻ വിട്ടയക്കണമെന്ന് ആഫ്രിക്കൻ യൂണിയനും ഐക്യരാഷ്ട്ര സഭയും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. മേഖലയിലെ വിഷയങ്ങൾ പരിഹരിക്കാനായി രൂപം നൽകിയ പശ്ചിമ ആഫ്രിക്കൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ഇക്കോവാസ്, പ്രശ്ന പരിഹാരത്തിനായി ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.

ഗവൺമെന്റും സൈന്യവും തമ്മിലുള്ള തുടർച്ചയായ പോരും രാഷ്ട്രീയ അസ്ഥിരതയും പട്ടിണിയും മൂലം വലയുകയാണ് മാലിയിലെ ജനങ്ങൾ. പുറമേ, ഭീകരസംഘടനകളുടെ സജീവ സാന്നിദ്ധ്യവും ജനങ്ങൾക്ക് തലവേദനയായി തുടരുകയാണ്.

സൈനിക ഭരണത്തിലായിരുന്ന രാജ്യത്തെ ജനാധിപത്യത്തിന്റെ പാതയിലെത്തിക്കുക ദൗത്യവുമായാണ് എൻഡാവും ഔനും ഭരണ നേതൃത്വം ഏറ്റെടുത്തത്. ഇരുവരും സൈനിക നിയന്ത്രണത്തിൽ നിന്ന് പതിയെ രാജ്യത്തെ മോചിപ്പിക്കാൻ ലക്ഷ്യമിട്ട് നടത്തിയ നീക്കങ്ങളാണ് ഉന്നത സൈനിക മേധാവികളെ പ്രകോപിപ്പിച്ചത്.എന്നാൽ അന്താരാഷ്ട്ര തലത്തിൽ ഭരണ പ്രതിനിധികളെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധം കനത്തതിനെ തുടർന്ന് ഭരണ അട്ടിമറി നടന്നിട്ടില്ലെന്നും സർക്കാരിന്റെ പുനഃസംഘടനയിൽ പിഴവുകളുണ്ടെന്ന് ബോദ്ധ്യപ്പെടുത്താനാണ് അറസ്റ്റെന്നും മാലിയിലെ സൈനിക വക്താവ് അറിയിച്ചു.