israel-india

ന്യൂഡൽഹി: യു.എൻ ജനറൽ അസംബ്ലിയിൽ ഇസ്രയേൽ അനുകൂല നിലപാടുമായി ഇന്ത്യ. നീതിപൂ‌ർവമായ പാലസ്തീൻ ലക്ഷ്യത്തിനുള്ള ഇന്ത്യയുടെ ശക്തമായ പിന്തുണയും ദ്വിരാഷ്ട്ര പരിഹാരത്തോടുളള അചഞ്ചലമായ പ്രതിബദ്ധതയും വ്യക്തമാക്കിക്കൊണ്ടുളള വരികൾ ഇസ്രയേൽ-പാലസ്തീൻ പ്രതിസന്ധിയെക്കുറിച്ചുളള പ്രസ്താവനയിൽ നിന്നും ഇന്ത്യ ഒഴിവാക്കി. ഏതാനും ദിവസങ്ങൾക്ക് മുൻപത്തെ യു.എൻ സെക്യൂരിറ്റി കൗൺസിലിലെ പ്രസ്താവനയുടെ ഭാഗമായിരുന്നു ഇവ.

അതേസമയം ഹമാസ് ഇസ്രയേലിൽ നടത്തിയ റോക്കറ്റ് ആക്രമണങ്ങളെ ഇന്ത്യ രൂക്ഷമായി അപലപിച്ചു. ഗാസയുടെ ആക്രമണം നിരവധി സാധാരണക്കാരുടെ മരണത്തിനും നാശത്തിനും കാരണമായി. ഇസ്രയേലിന്റെ തിരിച്ചുള്ള ആക്രമണത്തിലും നിരവധിപ്പേർ കൊല്ലപ്പെട്ടു. ഇന്ത്യക്കാരടക്കമുളള നിരപരാധികളായ സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെട്ടതിൽ അ​ഗാധമായി വിലപിക്കുന്നതായും ഇന്ത്യ അറിയിച്ചു.

ഹമാസിന്റെ നടപടികളെ അപലപിച്ച ഇന്ത്യ, ഇസ്രയേൽ തിരിച്ചടിച്ചതിനെ പ്രതിരോധ നടപടിയായി വ്യാഖ്യാനിച്ചു. ഇസ്രയേലും പാലസ്തീനും തമ്മിൽ നേരിട്ടുളള ചർച്ചകൾ പുനരാരംഭിക്കുന്നതിന് അനിയോജ്യമായ സാഹചര്യങ്ങൾ സൃഷ്ടിക്കാൻ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അതിന് സാഹചര്യം ഒരുക്കേണ്ടത് ഹമാസ് ആണ്. സംയമനം പാലിക്കുകയും പിരിമുറുക്കങ്ങൾ വർദ്ധിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറുകയും വേണം. കിഴക്കൻ ജറുസലേമിലും സമീപ പ്രദേശങ്ങളിലും ഉൾപ്പെടെ നിലവിലെ സ്ഥിതി ഏകപക്ഷീയമായി മാറ്റാനുള്ള ശ്രമങ്ങളിൽ നിന്നും ഇരുപക്ഷവും വിട്ടുനിൽക്കണമെന്നും ഇന്ത്യ അഭ്യർത്ഥിച്ചു.

യു.എൻ സെക്യൂരിറ്റി കൗൺസിലിൽ ഇന്ത്യ ഇസ്രയേലിനെ മതിയായ രീതിയിൽ അനുകൂലിക്കാത്തത് ബി.ജെ.പി പ്രവർത്തകരുടെ അതൃപ്തിക്ക് കാരണമായിരുന്നു. ഇസ്രയേലിനെ വേണ്ട രീതിയിൽ പിന്തുണയ്ക്കുന്നില്ല എന്നും ഹമാസ് നടപടികളെ അം​ഗീകരിക്കുകയാണെന്നും സ്വന്തം പ്രവർത്തകർ തന്നെ വിമർശിക്കുന്ന സാഹചര്യം ഉടലെടുത്തിരുന്നു. തങ്ങളെ പിന്തുണച്ച രാജ്യങ്ങളുടെ പതാകകൾ ട്വീറ്റ് ചെയ്തുകൊണ്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നന്ദി അറിയിച്ചിരുന്നു. അക്കൂട്ടത്തിൽ ഇന്ത്യയുടെ പതാക ഉണ്ടായിരുന്നില്ല.

🇺🇸🇦🇱🇦🇺🇦🇹🇧🇦🇧🇷🇧🇬🇨🇦🇨🇴🇨🇾🇨🇿🇬🇪🇩🇪🇬🇹🇭🇳🇭🇺🇮🇹🇱🇹🇲🇩🇳🇱🇲🇰🇵🇾🇸🇮🇺🇦🇺🇾
Thank you for resolutely standing with 🇮🇱 and supporting our right to self defense against terrorist attacks.

— Benjamin Netanyahu (@netanyahu) May 15, 2021