കൊവിഡിന്റെയും ലോക്ക്‌ഡൗണിന്റെയും കാലത്ത് സോഷ്യൽ മീഡിയയിലാണ് ജനങ്ങൾ കൂടുതലും ചെലവഴിക്കുന്നത്.. കൊവിഡ് കാലത്ത് ഏറ്റവും കൂടുതൽ വളർച്ചയുണ്ടായത് യു ട്യൂബ് എന്ന വീഡിയോ പ്ലാറ്റ്‌ഫോമിനാണ്.. ഏറ്റവും കൂടുതൽ യു ട്യൂബ് ചാനലുകൾ പിറവിയെടുത്തതും ഈ കൊവിഡ് കാലത്താണ്. മലയാളികളടക്കം ഇപ്പോൾ യൂട്യൂബ് ഇല്ലാത്തവർ ചുരുക്കം. ഇത് ഉപജീവനമാർഗമായി മാറിയവരും കോടിക്കണക്കിനു ആളുകളാണ്.
എന്നാൽ ഈ യുട്യൂബി പിറന്നത് ഒരു വീടിന്റെ കാർ ഗാരേജിലായിരുന്നു എന്നതാണ് കൗതുകം. ആ വീട് കാണണമെന്ന് ആഗ്രഹമുണ്ടോ. കാണുക മാത്രമല്ല നിങ്ങൾക്ക് ആ വീട് വേണമെങ്കിൽ വാങ്ങുകയും ചെയ്യാം.. കാലിഫോർണിയയിലെ മെൻലോ പാർക്കിലാണ് ചരിത്രം സൃഷ്ടിച്ച ഈ ഇരുനില വീട് സ്ഥിതി ചെയ്യുന്നത്.. കാഴ്ചയിൽ ഒരു സാധാരണ വീട് തന്നെയാണിത്. ഈ വീടിന്റെ കാർ ഗ്യാരേജിലാണ് യൂട്യൂബിന്റെ സ്ഥാപകരായ ചാഡ് ഹർലി, സ്റ്റീവ് ചെൻ, ജാവേദ് കരീം എന്നിവർ തങ്ങളുടെ വിഡിയോ സ്റ്റാർട്ടപ്പിന് രൂപം നൽകിയത്. .
3256 ചതുരശ്ര അടിയാണ് വീടിന്റെ ആകെ വിസ്തീർണ്ണം. നാലു കിടപ്പുമുറികളാണ് വീട്ടിലുള്ളത്. നാലിലും അറ്റാച്ച്ഡ് ബാത്ത്‌റൂമുകളുണ്ട്. മുൻഭാഗത്തായി ഒരു പോർച്ചും ചെറിയ ബേസ്‌മെന്റും ഉൾപ്പെടുത്തിയിട്ടുണ്ട്. ഫാമിലി റൂം, ലിവിംഗ് റൂം, അടുക്കള, ഡൈനിംഗ് ഏരിയ എന്നീ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്... ലിവിംഗ്റൂമിലും ഫാമിലി റൂമിലും ഫയർ പ്ലേസുകളുണ്ട്.
41.5 കോടി രൂപയാണ് വീടിന്റെ വിലയായി നിശ്ചയിച്ചിരിക്കുന്നത്. 2012 ൽ ചാഡ് ഹർലി, പീറ്റർ ഹാർട്ട്വൽ എന്ന വ്യക്തിക്ക് വീട് കൈമാറ്റം ചെയ്തിരുന്നു. 24 കോടി രൂപയ്ക്കാണ് ഹാർട്ട്വൽ അന്ന് യൂട്യൂബ് വീട് സ്വന്തമാക്കിയത്.