കൊച്ചി: ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജി.ഡി.പി) കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2020-21) അവസാനപാദമായ ജനുവരി-മാർച്ചിൽ 1.3 ശതമാനം വളർന്നുവെന്ന് എസ്.ബി.ഐയുടെ വിലയിരുത്തൽ. 2020-21 സാമ്പദ്വർഷത്തിൽ ആകെ പ്രതീക്ഷിക്കുന്ന വളർച്ച നെഗറ്റീവ് 7.3 ശതമാനമാണെന്നും എസ്.ബി.ഐ റിസർച്ചിന്റെ 'എക്കോറാപ്പ്" റിപ്പോർട്ട് വ്യക്തമാക്കി.
അതേസമയം, നാലാംപാദ വളർച്ച നെഗറ്റീവ് ഒരു ശതമാനവും സമ്പദ്വർഷ വളർച്ച നെഗറ്റീവ് എട്ടു ശതമാനവും ആയിരിക്കുമെന്നാണ് കേന്ദ്രസർക്കാരിന് കീഴിലുള്ള നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (എൻ.എസ്.ഒ) പ്രതീക്ഷ. കഴിഞ്ഞപാദത്തിലെയും കഴിഞ്ഞവർഷത്തെയും ഔദ്യോഗിക കണക്കുകൾ എൻ.എസ്.ഒ മേയ് 31ന് പുറത്തുവിടും. കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കായി റിസർവ് ബാങ്ക് പ്രതീക്ഷിക്കുന്ന ജി.ഡി.പി വളർച്ച നെഗറ്റീവ് 7.5 ശതമാനമാണ്.
ആഭ്യന്തര റേറ്റിംഗ് ഏജൻസിയായ ഇക്ര, കഴിഞ്ഞപാദത്തിലെ വളർച്ചാപ്രതീക്ഷ നേരത്തേ വിലയിരുത്തിയ മൂന്നു ശതമാനത്തിൽ നിന്ന് രണ്ടു ശതമാനത്തിലേക്ക് കുറച്ചിട്ടുണ്ട്. സമ്പദ്വർഷത്തെ ജി.ഡി.പി വളർച്ച നെഗറ്റീവ് 8.45 ശതമാനമായിരിക്കുമെന്നും ഇക്ര കരുതുന്നു. കൊവിഡും ലോക്ക്ഡൗണും സൃഷ്ടിച്ച കനത്ത പ്രതിസന്ധിമൂലം കഴിഞ്ഞവർഷത്തെ ആദ്യപാദമായ ഏപ്രിൽ-ജൂണിൽ ജി.ഡി.പി വളർച്ച നെഗറ്റീവ് 24.4 ശതമാനത്തിലേക്ക് കൂപ്പുകുത്തിയിരുന്നു. ജൂലായ്-സെപ്തംബറിൽ വളർച്ച നെഗറ്റീവ് 7.3 ശതമാനമായിരുന്നു. ഒക്ടോബർ-ഡിസംബറിൽ ജി.ഡി.പി പോസിറ്റീവ് 0.40 ശതമാനം വളർന്നു.
നാലാംപാദത്തിൽ ഇന്ത്യൻ ജി.ഡി.പി 1.7 ശതമാനം വളർച്ച കുറിച്ചാൽ, ചൈനയ്ക്ക് ശേഷം ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്ശക്തിയെന്ന പട്ടം ഇന്ത്യയ്ക്ക് കിട്ടുമെന്ന് എസ്.ബി.ഐ റിസർച്ച് ചൂണ്ടിക്കാട്ടുന്നു. വളർച്ച 1.3 ശതമാനമാണെങ്കിൽ കാത്തിരിക്കുന്നത് അഞ്ചാംസ്ഥാനമാണ്. ഇതുവരെ 25 രാജ്യങ്ങളാണ് ജനുവരി-മാർച്ച്പാദ ജി.ഡി.പി വളർച്ചാക്കണക്ക് പുറത്തുവിട്ടത്.