ന്യൂഡൽഹി: അതി തീവ്ര ചുഴലിയായി മാറിക്കഴിഞ്ഞ യാസ് ചുഴലിക്കാറ്റ് ഒഡീഷയുടെ തീരം തൊട്ടു. ഒൻപത് മണിയോടെ ഇതിന് മുന്നോടിയായുളള കനത്ത മഴയും കാറ്റും വലിയ കടൽക്ഷോഭവും ഒഡീഷയിലും ബംഗാളിലും അനുഭവപ്പെടുകയാണ്. ഒഡീഷയിലെത്തിയ കാറ്റ് അവിടെ നിന്നും നീങ്ങി പശ്ചിമ ബംഗാളിലെ കടലോര പട്ടണമായ ഡിഗയിലാണ് ഇപ്പോൾ സ്ഥിതിചെയ്യുന്നത്.
കാറ്റിന്റെ സഞ്ചാരപഥത്തിലിളള സംസ്ഥാനങ്ങളിൽ രക്ഷാപ്രവർത്തനത്തിന് നാവികസേനയും വായുസേനയും പൂർണ സജ്ജമായിക്കഴിഞ്ഞു. ഈസ്‌റ്റ് മിഡ്നാപൂരിലെ ന്യൂ ഡിഗ ബീച്ചിൽ കടൽ ശക്തമായി കരയിലേക്ക് അടിച്ചുകയറി വീടുകൾ വെളളത്തിലായി.
ഒഡീഷയിലെ ബാലാസോറിലൂടെയാണ് രാവിലെ ഒൻപത് മണിയോടെ യാസ് രാജ്യത്തേക്ക് പ്രവേശിച്ചത്. മണിക്കൂറിൽ 290 കിലോമീറ്റർ വരെ വേഗം കൈവരിക്കാവുന്ന അതിതീവ്ര ചുഴലിക്കാറ്റ് വിഭാഗത്തിലാണ് യാസ്. ഇപ്പോൾ 155 കിലോമീറ്റർ വേഗമുളള കാറ്റ് ഇനിയും വേഗം കൈവരിച്ചേക്കും.
യാസിനെ നേരിടാൻ കനത്ത സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. രക്ഷാപ്രവർത്തനത്തിന് ദേശീയ ദുരന്ത നിവാരണ സേനയുടെ 10 സംഘത്തെ അധികമായി നിയോഗിച്ചു. മത്സ്യ തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. ഈസ്റ്റ് സെൻട്രൽ റെയിൽവേ പത്തു സ്‌പെഷ്യൽ ട്രെയിനുകൾ റദ്ദാക്കി. മുൻകരുതലായി കൊൽക്കത്ത വിമാനത്താവളം അടച്ചു. മത്സ്യ തൊഴിലാളികൾക്കും മുന്നറിയിപ്പ് നൽകി.
ഒഡീഷയ്‌ക്കും ബംഗാളിനും പുറമേ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം, വിജയനഗരം, ശ്രീകാകുളം എന്നവിടങ്ങളിലും ജാഗ്രതാ നിർദ്ദേശമുണ്ട്. സിക്കിമിലും കനത്ത മഴ മുന്നറിയിപ്പുണ്ട്. പശ്ചിമ ബംഗാളിലെ ഈസ്റ്റ്മിഡ്നാപ്പൂർ, വെസ്റ്റ് മിഡ്നാപ്പൂർ, പുരിലിയ, ജാർഗാം തുടങ്ങിയ ജില്ലകളിലും യാസ് ആഞ്ഞടിക്കും.
യാസിനെ നേരിടുന്നതിന്റെ ഭാഗമായി 12 ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു. പശ്ചിമബംഗാളിൽ ഒമ്പതുലക്ഷം പേരെയും ഒഡിഷയിൽ രണ്ടുലക്ഷം പേരെയുമാണ് മാറ്റിയത്.