davidson

​​​​തിരുവനന്തപുരം: വിഴിഞ്ഞത്ത് രൂക്ഷമായ കാറ്റിലും കടല്‍ക്ഷോഭത്തിലും വള്ളം മറിഞ്ഞ് കാണാതായവരിൽ ഒരാൾ മരിച്ചു. മത്സ്യത്തൊഴിലാളിയായ ഡേവി‌ഡ്‌സണിന്‍റെ മൃതദേഹമാണ് അടിമലത്തുറയിൽ നിന്നും കണ്ടെത്തിയത്. കാണാതായ ശെൽവരാജിനു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

പുലർച്ചെ മൂന്നിനു ശേഷം രക്ഷാപ്രവർത്തനം അവസാനിപ്പിച്ച കോസ്റ്റുഗാർഡ് ഇന്ന് രാവിലെ ഒമ്പത് മണി മുതൽ പ്രവർത്തനം പുനരാരംഭിച്ചിരുന്നു. അതിനുശേഷമാണ് ഡേവിഡ്‌സണിന്‍റെ മൃതദേഹം കണ്ടെത്തിയത്.

മന്ത്രിമാരായ സജി ചെറിയാനും ആന്‍റണി രാജുവും വിഴിഞ്ഞത്തെത്തി. തീരരക്ഷാസേന അധികൃതരുമായി മന്ത്രിമാര്‍ തിരച്ചില്‍ സംബന്ധിച്ച് ചര്‍ച്ച നടത്തി. വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ മന്ത്രിമാരോടു പരാതിപ്പെട്ടു.

ചൊവാഴ്‌ച രാത്രി വിഴിഞ്ഞം ഹാർബറിലേക്ക് കയറുന്നതിനിടയിൽ തിരയിലും പുലിമുട്ടിലുമടിച്ച് തകർന്നുപോയ, പൂന്തുറ സ്വദേശി ജോസ് മാത്യുവിന്‍റെ വള്ളത്തിലുണ്ടായിരുന്ന മൂന്നുപേരിൽ രണ്ടുപേർ രാവിലെ പുല്ലുവിള, അടിമലത്തുറ തീരങ്ങളിൽ നീന്തിക്കയറിയിരുന്നു. വള്ളം തകർന്നുപോയി മണിക്കൂറുകളോളം ഇരുവരും കടലിൽ നീന്തുകയായിരുന്നു.