തെളിവിനെ മുൻനിറുത്തിയുള്ള ഗവേഷണം (evidence based research) വലിയ തോതിൽ ചർച്ച ചെയ്യപ്പെടുന്ന കാലമാണിത്. കണക്കുകളെ ഏറെ ആശ്രയിക്കുന്ന, ഡേറ്റയെ കേന്ദ്രീകരിച്ചുള്ള ഗവേഷണങ്ങൾ ഏറെ നടക്കുന്ന കാലം. ഒരാൾക്ക് വെള്ളവും മറ്റൊരാൾക്ക് പരീക്ഷിക്കേണ്ട മരുന്നും കുത്തിവച്ച് താരതമ്യം നടത്തുന്നതിലെ ധാർമ്മികത വലിയ ചർച്ചാ വിഷയമായിട്ടുണ്ട്. മെഡിക്കൽ രംഗത്ത് മാത്രമല്ല; പൊലീസിംഗിലും സാമ്പത്തിക ശാസ്ത്രത്തിലുമൊക്കെ evidence based research വളരെ പ്രാമുഖ്യം നേടിയിട്ടുണ്ട്.
എവിഡൻസ് ബേസ്ഡ് പൊലീസിംഗിനെ കുറിച്ചുള്ള ഒരു അന്താരാഷ്ട്ര വെബിനാർ നടക്കുകയാണ്. മികച്ച ഒരു പൊലീസ് ഉദ്യോഗസ്ഥൻ തന്റെ സംശയം സ്വകാര്യമായി എന്നോടു ചോദിച്ചു. എക്സ്പീരിയൻസ് ബേസ്ഡ് പൊലീസിംഗിനെപ്പറ്റി നമുക്കൊരു ചർച്ച നടത്തിയാലോ? ബ്ലേഡ് വാസു (പേര് സാങ്കല്പികം) വിനെ ഓരോ ജയിൽചാട്ടത്തിലും അറസ്റ്റുചെയ്ത എല്ലാ പൊലീസുകാരുടെയും അനുഭവം പങ്കുവയ്ക്കുക. അങ്ങനെ ഓരോതരം അനുഭവങ്ങളും... ഞാൻ മറുപടി പറഞ്ഞു.. നല്ല ആശയം. ഓരോ പൊലീസുകാരന്റെയും അനുഭവം രേഖപ്പെടുത്തുമ്പോൾ അതു എവിഡൻസ് ബേസ്ഡ് പൊലീസിംഗ് ആയിത്തീരും. അതു ഡേറ്റയാക്കി ചുഴിഞ്ഞു നോക്കിയാൽ ഒരുപാടു കാര്യങ്ങൾ കണ്ടെത്താം.
'ഏഡു കുട്ടൻപിള്ള'മാരുടെ തലയിലുണ്ടായിരുന്നതൊക്കെ നമ്മൾ രേഖപ്പെടുത്തിയിരുന്നെങ്കിൽ നമ്മെളെവിടെ എത്തിയേനേ? കുട്ടൻപിള്ളമാർക്കു പകരംവയ്ക്കാൻ ഒരു ഗവേഷണത്തിനും കഴിയില്ലെന്നുള്ളതും വാസ്തവം. എന്റെ ഒരു സഹപ്രവർത്തകയ്ക്ക് ലണ്ടനിൽ വച്ച് അവരുടെ മൊബൈൽ നഷ്ടപ്പെട്ടു. പൊലീസിനു പരാതി നൽകി. 'ലണ്ടൻ ബോബീസ്' വളരെ സൗഹാർദ്ദത്തോടെ സംസാരിച്ചു. എല്ലാം രേഖപ്പെടുത്തി... അവസാനം വളരെ സന്തോഷത്തോടെ പോകാൻ എഴുന്നേറ്റപ്പോൾ പൊലീസുകാരൻ പറഞ്ഞു... ഇത്തരം ധാരാളം കേസുകൾ ദിവസവും ഇവിടെ റിപ്പോർട്ടു ചെയ്യപ്പെടുന്നു... അതിനാൽ ഇതു ഞങ്ങൾ അന്വേഷിക്കില്ല.
പട്ടിണികിടക്കുന്ന കുട്ടികളിലും സമൃദ്ധ ഭക്ഷണം കഴിയ്ക്കുന്ന കുട്ടികളിലുമുണ്ടാകുന്ന സാമൂഹിക സമ്മർദ്ദഫലം പഠിക്കാനായി നാം പട്ടിണിക്കാരെ പട്ടിണിക്കാരായി നിറുത്തി ഗവേഷണം ചെയ്യുമോ അതോ അവർക്കു ഭക്ഷണമെത്തിക്കുമോ? ഇത്തരം ധാർമ്മികതയുടെ ചോദ്യങ്ങൾ
അനവധി ചർച്ചകൾക്കു വിധേയമായിക്കൊണ്ടിരിയ്ക്കുന്നു. ചരിത്രവും ജീവശാസ്ത്രവുമൊക്കെ രേഖപ്പെടുത്തി വയ്ക്കുന്നതിൽ ഭാരതീയർ വളരെ പിന്നിലാണ്. ഇന്നലെകളെ ചന്ദനം ചാർത്തിയ ഓരോ സുഗന്ധവും തിരിച്ചറിഞ്ഞു രേഖപ്പെടുത്താൻ നമുക്കു കഴിഞ്ഞിട്ടില്ല. വിജയിച്ച രാജാക്കന്മാരുടെ അപദാനങ്ങൾ വാഴ്ത്തുന്ന കവികളെഴുതിയ അതിശയോക്തികളാണു പലപ്പോഴും നാം ചരിത്രമായി കരുതുന്നത്.
മഹാമാരിക്കാലത്ത് ഇന്ത്യയിലെ കൊവിഡ് കണക്കുകൾ, വാക്സിനേഷൻ കണക്കുകൾ, പുതുതായി വന്നു ചേരുന്ന ബ്ലാക്ക് ഫംഗസ്, വൈറ്റ് ഫംഗസ് രോഗങ്ങൾ തുടങ്ങിയവയൊക്കെ കൃത്യമായ ഗവേഷണങ്ങൾക്കു വിധേയമാക്കാൻ നമ്മുടെ നാട്ടിലെ സ്ഥാപനങ്ങൾ തയ്യാറാകേണ്ടതാണ്. ഡോക്ടർമാർ ഒട്ടേറെപ്പേർ തങ്ങളുടെ ചികിത്സയിലുള്ള നിരന്തര പരിചയത്തിലൂടെ മനസിലാക്കുന്ന കാര്യങ്ങൾ ഗവേഷണ ബുദ്ധിയോടെ നിരീക്ഷിക്കുകയും കൊവിഡ് ചികിത്സയിൽ ഇത്തരം അനുഭവ പരിചയത്തിലൂടെ ഒട്ടേറെ ജീവനുകൾ രക്ഷിക്കുകയും ചെയ്യുന്നുണ്ട്. ഐ.സി.എം.ആറും എയിംസും ഒക്കെ നൽകുന്ന പ്രോട്ടോകോളുകൾ പാലിക്കുമ്പോഴും യാന്ത്രികമായല്ലാതെ ഗവേഷണ ബുദ്ധിയോടെയും പ്രത്യുല്പന്നമതിത്വത്തോടെയും ദൈനംദിന കേസുകൾ കൈകാര്യം ചെയ്ത് രോഗികൾക്ക് സേവനം ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ വാസ്തവത്തിൽ നമ്മുടെ ഹീറോകളാണ്.
ശങ്കരചെട്ടി എന്ന ഡോക്ടർ സൗത്ത് ആഫ്രിക്കയിലെ പോർട്ട് എഡ്‌വേഡിനടുത്തുള്ള ഗ്രാമപ്രദേശത്തു പ്രാക്ടീസ് ചെയ്യുന്നു. അദ്ദേഹം അപ്പാർത്തീഡ് കാലത്ത് സൗത്ത് ആഫ്രിക്കയിൽ അഡ്മിഷൻ ലഭിക്കാത്തതിനാൽ മൈസൂറിൽ നിന്ന് എം.ബി.ബി.എസ് പാസായി സൗത്ത് ആഫ്രിക്കയിൽ ജനറൽ പ്രാക്ടീസ് ചെയ്യുകയാണ്. വലിയ യാതൊരു സൗകര്യങ്ങളുമില്ലാത്ത ഗ്രാമപ്രദേശം. വിറ്റാമിൻ സിയും സിങ്കും ഒക്കെ വാങ്ങാൻ പോലും തന്റെ രോഗികളോടു പറയാൻ അവരുടെ സാമ്പത്തിക ഞെരുക്കം മൂലം പറ്റാത്ത അവസ്ഥ. അദ്ദേഹം തന്റെ അനുഭവത്തിലൂടെ വളരെ പ്രധാനപ്പെട്ട ഒരു കാര്യം കണ്ടെത്തി. വളരെ ചെറിയ തൊണ്ടവേദനയോ ജലദോഷമോ ക്ഷീണമോ ഉണ്ടായാൽ തന്നെ മറ്റുള്ളവരുമായി സമ്പർക്കം പുലർത്താതെ എട്ടുദിവസം സ്വന്തം മുറിയ്ക്കുള്ളിൽ കഴിയുക. എട്ടാം ദിവസമാകുമ്പോഴും മറ്റു യാതൊരു ബുദ്ധിമുട്ടുണ്ടായില്ലെങ്കിൽ ഒരു ടെസ്റ്റും നടത്താതെ പുറത്തിറങ്ങാം. ( RTPCR നടത്താനുള്ള സാമ്പത്തിക സ്ഥിതിയില്ല). മറിച്ച് എട്ടാം ദിവസം ചെറിയ ശ്വാസതടസം, വയറിളക്കം തുടങ്ങി എന്തെങ്കിലും മാറ്റമുണ്ടെങ്കിൽ ഡോക്ടറെ ഫോണിൽ വിളിച്ചു വിവരമറിയിക്കണം. അത് 'ഹൈപ്പർ സെൻസിറ്റിവിറ്റി' മൂലമുണ്ടാകുന്ന അലർജിക് റിയാക്ഷനാണ്, അതിനാൽ സ്റ്റിറോയിഡും ആന്റി ഹിസ്റ്റമിനും ഡോക്ടർ വേണ്ട അളവിൽ വീട്ടിലേക്ക് കൊടുത്തുവിടും. അങ്ങിനെ ഓക്സിജനോ ആശുപത്രിവാസമോ ഇല്ലാതെ രോഗി സുഖം പ്രാപിയ്ക്കുന്നു. ക്ലിനിക്കൽ ലക്ഷണങ്ങൾ വളരെ സൂക്ഷ്മതയോടു നിരീക്ഷിച്ച് ഡോക്ടർ ശങ്കരചെട്ടി കണ്ടെത്തിയ പ്രായോഗിക ചികിത്സാരീതി. അദ്ദേഹത്തിന്റെ രോഗികൾ മിക്കവരും ഇങ്ങനെ സുഖം പ്രാപിച്ചുവത്രേ. ഇന്ത്യയ്ക്കും പരീക്ഷിയ്ക്കാവുന്ന രീതിയാണിതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ചുരുങ്ങിയപക്ഷം നേരിയ പനിയോ ജലദോഷമോ വന്നാൽ കൊവിഡാണെന്നതു പോലെ സ്വയം ക്വാറന്റൈനിലിരിയ്ക്കുന്ന രീതി നിർബന്ധമായും നടപ്പാക്കാനെങ്കിലും നമ്മുടെ രാജ്യത്ത് വലിയ തോതിലുള്ള പ്രചാരണം നടന്നിരുന്നെങ്കിൽ..