തിരുവനന്തപുരം: കൊവിഡിന്റെ അതിരൂക്ഷമായ വ്യാപനം തുടരുന്നതിനിടെ സംസ്ഥാനത്തെ രോഗമുക്തി നിരക്ക് ദേശീയ ശരാശരിയായ 89 ശതമാനം മാത്രം. അതേസമയം, രാജ്യത്തെ 14 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും മാത്രമാണ് രോഗമുക്തി നിരക്ക് 90 ശതമാനമോ അതിൽ കൂടുതലോ ഉള്ളത്. അതായത് ഓരോ 100 പേർക്ക് രോഗം സ്ഥിരീകരിക്കുമ്പോഴും അതിൽ 90 പേർ രോഗമുക്തരാകുന്നുവെന്നാണ് കണക്ക്.
രാജ്യത്തെ കൊവിഡ് രോഗികളുടെ 8.6 ശതമാനവും കേരളത്തിലാണ്. നിലവിൽ കേരളത്തിൽ രോഗികൾ കുറയുന്ന സാഹചര്യമാണെങ്കിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആർ) 20നും മുകളിലാണ്. ഒരവസരത്തിൽ ടി.പി.ആർ 28 ശതമാനം വരെ ഉയർന്നിരുന്നു.
നിലവിൽ ഏറ്റവും ഉയർന്ന രോഗമുക്തി നിരക്ക് ഒരവസരത്തിൽ വ്യാപനം രൂക്ഷമായിരുന്ന ഡൽഹിയിലാണ് - 97 ശതമാനം. ഉത്തർപ്രദേശ്, ബിഹാർ, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ 94 ശതമാനം വീതമാണ് രോഗമുക്തി നിരക്ക്. മഹാരാഷ്ട്ര, തെലുങ്കാന, ജാർഖണ്ഡ‌്, ഛത്തീസ്ഗഡ്, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾ 93 ശതമാനം രോഗമുക്തിയുമായി പിന്നിലുണ്ട്.
ഉത്തരാഖണ്ഡിലാണ് ഏറ്റവും കുറവ് രോഗമുക്തിയുള്ളത്- 80.7 ശതമാനം. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളായ മിസോറാം, മേഘാലയ, നാഗാലൻഡ്, സിക്കിം എന്നീ സംസ്ഥാനങ്ങളിൽ 70നും 76 ശതമാനത്തിനും ഇടയിലാണ് രോഗമുക്തി നിരക്ക്. കർണാടക, ജമ്മു കാശ്‌മീർ, തമിഴ്നാട്, പുതുച്ചേരി, മണിപ്പൂർ, ഒഡിഷ, അസാം എന്നിവിടങ്ങളിൽ രോഗമുക്തി നിരക്ക് മെച്ചപ്പെടുന്നുണ്ടെങ്കിലും ഇപ്പോഴും ഈ സംസ്ഥാനങ്ങൾ എല്ലാം തന്നെ ആശ്വസിക്കാവുന്ന നിലയിൽ എത്തിയിട്ടില്ല. ഇവിടങ്ങളിൽ 80 നും 84 ശതമാനത്തിനും ഇടയിലാണ് രോഗമുക്തി നിരക്ക്. ദേശീയ ശരാശരിയെക്കാൾ കുറവാണെന്നതും ശ്രദ്ധേയമാണ്.
രോഗമുക്തി നിരക്ക് കൂടുന്നത് കൊവിഡിന്റെ രൂക്ഷത സംസ്ഥാനങ്ങളിൽ കുറയുന്നു എന്നതിന്റെ സൂചനയ്ക്കൊപ്പം മരണനിരക്കും താഴുന്നു എന്നതിന്റെയും സൂചകമാണ്. പരിശോധനകളുടെ എണ്ണം കൂടുന്നതും കൃത്യമായ ചികിത്സ നടക്കുന്നതിനാലുമാണ് രോഗമുക്തി നിരക്ക് കൂടുന്നത്.
ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം കൂടുന്നത് ആശങ്ക
കേരളത്തിൽ കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളവരുടെ എണ്ണം കൂടുന്നത് ആരോഗ്യവകുപ്പിന് ആശങ്ക ഉണ്ടാക്കുന്നുണ്ട്. ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് വെന്റിലേറ്ററിൽ കഴിയുന്നവരുടെ എണ്ണം 1517ഉം തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണം 4027 ഉം ആണ്.
മരണനിരക്ക് ഉയരുന്നു
രോഗമുക്തി നേടുന്നവരുടെ എണ്ണം കൂടുമ്പോഴും മരണനിരക്ക് ഉയരുന്നതാണ് കേരളം ഇപ്പോൾ നേരിടുന്ന വെല്ലുവിളി. നേരത്തെ പ്രതിദിന മരണനിരക്ക് 50ന് താഴെയായിരുന്നു. എന്നാലിപ്പോൾ 150നും 200നും ഇടയിലാണ് കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം.