kerala-assembly

തിരുവനന്തപുരം: കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്‌തതിലെ പിഴവ് കാരണം വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ പോവുകയാണ് സംസ്ഥാനത്തെ ഒരു എം എൽ എ. ദേവികുളം എം എൽ എയായ എ രാജയാണ് സ്‌പീക്കറുടെ ചേംബറിൽ വീണ്ടും സത്യപ്രതിജ്ഞ ചെയ്യാനായി പോകുന്നത്. തമിഴിലുളള രാജയുടെ സത്യപ്രതിജ്ഞ ഏറെ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.

സത്യപ്രതിജ്ഞയില്‍ സഗൗരവമെന്നോ ദൈവനാമത്തിലെന്നോ രാജ പറഞ്ഞിരുന്നില്ല. നിയമവകുപ്പ് തര്‍ജിമ ചെയ്‌പ്പോഴുണ്ടായ പിഴവാണ് ഇതെന്നാണ് ചൂണ്ടിക്കാട്ടുന്നത്. മലയാളം, ഇംഗ്ലീഷ്, കന്നട, തമിഴ് എന്നീ നാലുഭാഷകളിലാണ് കഴിഞ്ഞ ദിവസം നിയമസഭയില്‍ എം എല്‍ എമാര്‍ സത്യവാചകം ചൊല്ലിയത്.

ദൈവനാമത്തില്‍ 43 പേരും അള്ളാഹുന്‍റെ നാമത്തില്‍ 13 പേരും സഗൗരവം 80 പേരുമാണ് പ്രതിജ്ഞയെടുത്തത്. കന്നഡയില്‍ സത്യപ്രതിജ്ഞ ചൊല്ലിയ മഞ്ചേശ്വരം എം എല്‍ എ, എ കെ എം അഷ്റഫാണ് നിയമസഭയിലെ ഭാഷാ വൈവിധ്യത്തിന് തുടക്കമിട്ടത്.

പാലാ എം എല്‍ എ മാണി സി കാപ്പനും മുവാറ്റുപുഴ എം എല്‍ എ മാത്യു കുഴല്‍നാടനും ഇംഗ്ലീഷിലായിരുന്നു സത്യപ്രതിജ്ഞ. മുന്‍ഗാമി കെ രാജേന്ദ്രനെപ്പോലെയാണ് ദേവികുളം എം എല്‍ എ, എ രാജ തമിഴിലും സത്യപ്രതിജ്ഞ ചെയ്‌തത്. ദേവികുളത്ത് നിന്ന് 7848 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സി പി എം സ്ഥാനാര്‍ത്ഥിയായിരുന്ന എ രാജ നിയമസഭയിലെത്തിയത്.