ന്യൂഡൽഹി: ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നതും മിക്കവർക്കും വലിയ ദുരിതവും കഷ്ടപ്പാടും സമ്മാനിച്ച നൂറ്റാണ്ടിലെ ദുരന്തമാണ് കൊവിഡെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇനിമുതൽ കൊവിഡിന് മുമ്പുളള ലോകമായിരിക്കില്ലെന്നും ഭാവിയിൽ കൊവിഡിന് മുമ്പെന്നും കൊവിഡിന് ശേഷമെന്നും ലോകത്തെ ഓരോ കാര്യങ്ങളും അടയാളപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
വാക്സിന് കൊവിഡിനെ പരാജയപ്പെടുത്തുന്നതിൽ നിർണായക പങ്കുണ്ട്. ആ വാക്സിൻ കണ്ടെത്താൻ പ്രവർത്തിച്ച ശാസ്ത്രജ്ഞരെക്കുറിച്ച് വലിയ അഭിമാനമാണെന്നും ബുദ്ധപൂർണിമയോടനുബന്ധിച്ച് നടന്ന വെർച്വൽ യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
രോഗനിയന്ത്രണത്തിനായി പ്രവർത്തിക്കുന്ന ഡോക്ടർമാരെയും ആരോഗ്യപ്രവർത്തകരെയും താൻ സല്യൂട്ട് ചെയ്യുന്നെന്ന് അറിയിച്ച മോദി കൊവിഡ് പോരാട്ടത്തിൽ പങ്കാളികളായ ഓരോ വ്യക്തികളും സ്ഥാപനങ്ങളും അഭിനന്ദനം അർഹിക്കുന്നതായി അഭിപ്രായപ്പെട്ടു.
കൊവിഡ് മൂലം ഇന്ത്യയുൾപ്പടെ പല രാജ്യങ്ങളും പ്രതിസന്ധി നേരിടുന്നതായി പറഞ്ഞ പ്രധാനമന്ത്രി യോഗത്തിൽ പ്രകൃതി സംരക്ഷണത്തെ കുറിച്ചും ഭീകരവാദത്തിനെതിരെ നിലകൊള്ളേണ്ടതിനെ കുറിച്ചും ഓർമ്മിപ്പിച്ചു. കാടുകളും പുഴകളുമെല്ലാം കാലാവസ്ഥാ വ്യതിയാനം മൂലം നശിക്കുകയാണ്. പ്രകൃതിയെ മാതാവായി കണ്ട് ആദരവോടെ ജീവിക്കുന്ന ദർശനമായിരുന്നു ബുദ്ധന്റേതെന്നും മോദി പറഞ്ഞു. രാജ്യാന്തര ബുദ്ധിസ്റ്റ് കോൺഫഡറേഷനും സാംസ്കാരിക മന്ത്രാലയവും സംഘടിപ്പിച്ച ചടങ്ങിൽ നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരും വെർച്വലായി പങ്കെടുത്തു.