അഭിനയ മികവും ശബ്ദഗാംഭീര്യവു കൊണ്ടാണ് ഷമ്മി തിലകൻ എന്ന പ്രതിഭ സിനിമാ പ്രേക്ഷകരുടെ മനം കവർന്നത്. ഡബ്ബിംഗ് രംഗത്ത് താൻ നേരിടേണ്ടി വന്ന ദുരവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തുകയാണ് ഷമ്മി.കടത്തനാടൻ അമ്പാടി എന്ന സിനിമയിൽ പ്രേം നസീറിന് ശബ്ദം നൽകിക്കൊണ്ടാണ് അദ്ദേഹം ഡബ്ബിംഗ് മേഖലയിൽ തുടക്കം കുറിച്ചത്. ധ്രുവത്തിലെ ഹൈദർ മരക്കാർ എന്ന വില്ലൻ കഥാപാത്രത്തിന്റെ ശബ്ദം മലയാള സിനിമയിലെ ചരിത്രത്തിന്റെ ഭാഗമാണ്. ദേവാസുരത്തിലെ മുണ്ടയ്ക്കൽ ശേഖരൻ, സ്ഫടികത്തിലെ കുറ്റിക്കാടൻ തുടങ്ങി നിരവധി ശക്തമായ കഥാപാത്രങ്ങളാണ് ഷമ്മി തിലകനിലൂടെ സംസാരിച്ചത്. അവസാനമായി ശബ്ദം നൽകിയത് ഒടിയൻ എന്ന സിനിമയിൽ പ്രകാശ് രാജിന്റെ രാവുണ്ണി എന്ന കഥാപാത്രത്തിനായിരുന്നു. അതോടു കൂടി താൻ ഡബ്ബിംഗ് നിർത്തിയെന്നും അതൊരു ഒടിവിദ്യ ആയിപ്പോയി എന്നുമാണ് ഷമ്മി വെളിപ്പെടുത്തുന്നത്.
രണ്ടായിരത്തി പതിനെട്ടിൽ കുറച്ചധികം സിനിമകൾ വേണ്ടെന്ന് വച്ചിരുന്നു. കാരണം ഇരുപത്തിയഞ്ച് വർഷം ഇൻഡസ്ട്രയിൽ എക്‌സ്പീരിയൻസ് ഉള്ള ഷമ്മിക്ക് 25,000 രൂപ മാത്രമാണ് അവർ വാഗ്ദാനം ചെയ്തത്. കഴിഞ്ഞ ഏഴ് വർഷ കാലത്തിനിടയിൽ ചെയ്തത് പന്ത്രണ്ട് സിനിമകൾ മാത്രമാണെന്നും ഷമ്മി പറയുന്നു. ഇത്തരം പ്രശ്‌നങ്ങൾക്കിടയിലും ജോജിയിലെ ഫെലിക്‌സ് എന്ന കഥാപാത്രം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധ നേടിയിരുന്നു. റിലീസാവാനിരിക്കുന്ന സുരേഷ്‌ഗോപി-ജോഷി ചിത്രം പാപ്പനിലൂടെ അഭിനയ രംഗത്തേക്ക് തിരിച്ചെത്താൻ തയ്യാറെടുക്കുകയാണ് ഷമ്മി തിലകൻ.