ഇന്ന് രാത്രി വാനനിരീക്ഷണത്തിന് താൽപര്യമുളളവർക്കും ശാസ്ത്രകുതുകികൾക്കും മറക്കാനാകാത്ത ഒന്നായിരിക്കും. ഭൂമിയുടെ ഒരേയൊരു ഉപഗ്രഹമായ ചന്ദ്രനുമായി ബന്ധപ്പെട്ട മൂന്ന് പ്രതിഭാസങ്ങളാണ് ഇന്ന് നടക്കുക.
ഈ വർഷം നടക്കുന്ന പൂർണ ചന്ദ്ര ഗ്രഹണമാണിന്ന്. 2021ലെ ആദ്യ ചന്ദ്രഗ്രഹണവുമാണിത്. മറ്റൊന്ന് ഫ്ളവർ മൂൺ എന്ന പ്രതിഭാസമാണ്. ചന്ദ്രൻ കൂടുതൽ വലുപ്പത്തിൽ ദൃശ്യമാകുന്ന പ്രതിഭാസം. ചന്ദ്രന്റെ ഭ്രമണപദം ഭൂമിയോട് വളരെ അടുത്ത് വരുമ്പോൾ പൂർണചന്ദ്രനായി കാണുന്നതാണ് ഇത്. അമേരിക്കയിൽ വസന്തകാലത്ത് പൂക്കൾ നിറഞ്ഞ് നിൽക്കും പോലെ ആകാശത്ത് ചന്ദ്രൻ നിറഞ്ഞ് നിൽക്കുന്നത്കൊണ്ടാണ് ഫ്ളവർ മൂൺ എന്ന പേര് വന്നത്.
ഇന്ത്യൻ സമയം 2.17ന് ആരംഭിക്കുന്ന ചന്ദ്രഗ്രഹണം രാത്രി 7.19 വെരയുണ്ടാകും. കിഴക്കനേഷ്യൻ രാജ്യങ്ങൾ, ഓസ്‌ട്രേലിയ, പസഫിക്ക്, അമേരിക്കൻ ഭൂഖണ്ഡങ്ങളിലും പൂർണമായോ ഭാഗികമായോ ചന്ദ്രഗ്രഹണം കാണാനാകും. ഇന്ത്യ, നേപ്പാൾ, പടിഞ്ഞാറൻ ചൈന, മംഗോളിയ, കിഴക്കൻ റഷ്യ എന്നിവിടങ്ങളിൽ ഗ്രഹണം കാണാം. എന്നാൽ ആകാശം മേഘാവൃതമായയിടങ്ങളിൽ ഈ അപൂർവ കാഴ്‌ച ആസ്വദിക്കാൻ കഴിഞ്ഞേക്കില്ലെന്ന് നാസ അറിയിച്ചു.
മൂന്നാമത് പ്രതിഭാസം ഇന്ന് ബ്ളഡ് മൂൺ ആണെന്നാണ്. പല ചന്ദ്രഗ്രഹണസമയത്തും ബ്ളഡ് മൂൺ പ്രതിഭാസമുണ്ടാകാമെന്ന് വിദഗ്ദ്ധർ പറയുന്നു. ചന്ദ്രഗ്രഹണ സമയത്ത് അന്തരീക്ഷത്തിൽ സൂര്യപ്രകാശം വളയുകയും ചിതറുകയും ചെയ്യുന്നു. ഇത്തരത്തിൽ അന്തരീക്ഷത്തിൽ ഓറഞ്ച് അല്ലെങ്കിൽ ചുവന്ന നിറം വ്യാപിക്കുന്നതോടെയാണ് ചന്ദ്രനെ നമുക്ക് ചുവന്നതായി തോന്നുന്നത്.