anoop

ചെന്നൈ: കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി,​ ആരോഗ്യപ്രവർത്തകർക്ക് രോഗബാധയേൽക്കാതെ രോഗിയെ ചികിത്സിക്കാൻ കഴിയുന്ന നൂതന ഉപകരണം സംഭാവന നൽകി മാതൃകയാവുകയാണ് എ.വി.എ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും വേൾഡ് മലയാളി കൗൺസിൽ മുൻ ചെയർമാനുമായ എ.വി.അനൂപ്. എ.വി.എ ചോലയിൽ ഹെൽത്ത് കെയർ,​ എ.വി.എ നാച്ചുറൽസ് എന്നീ സ്ഥാപനങ്ങളുടെ വകയായി നിർമിത ബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്റ്റാസെസ് എന്ന ഉപകരണമാണ് ചെന്നൈ ഓമന്തുരാർ മെഡിക്കൽ കോളേജ്,​ സ്റ്റാൻലി മെഡിക്കൽ കോളേജ്,​ കിൽപോക് മെഡിക്കൽ കോളേജ് എന്നിവയ്ക്ക് നൽകിയത്. രോഗിയുടെ അടുത്ത് ചെല്ലാതെതന്നെ പ്രധാനപ്പെട്ട രോഗവിവരങ്ങളെല്ലാം അറിയാൻ കഴിയുന്ന റിമോട്ട് പേഷ്യന്റ് മോണിറ്ററിംഗ് സംവിധാനമാണ് സ്റ്റാസെസ്. ഇതുവഴി രോദിയുടെ ഹൃദയമിടിപ്പ്,​ ഇ.സി.ജി,​ ശ്വാസഗതി തുടങ്ങി അഞ്ച് സുപ്രധാന ആരോഗ്യനിലകൾ സ്മാർട്ട് ഫോണിലൂടെയോ,​ ലാപ്പ്ടോപ്പിലൂടെയോ ഡോക്ടർമാർക്കും നഴ്സുമാർക്കും അറിയാനാകും. ഓമന്തുരാർ മെഡിക്കൽ കോളേജിൽ യന്ത്രത്തിന്റെ പ്രവർത്തനോദ്ഘാടനം സംസ്ഥാന ആരോഗ്യസെക്രട്ടറി ജെ.രാധാകൃഷ്ണൻ നിർവഹിച്ചു. സ്റ്റാൻലി മെഡിക്കൽ കോളേജിനുവേണ്ടി ഡീൻ ഡോ.പി.ബാലാജിയും കിൽപോക് മെഡിക്കൽ കോളേജിനുവേണ്ടി ഡീൻ ഡോ.പി.വസന്താമണിയും യന്ത്രങ്ങൾ ഏറ്റുവാങ്ങി.