cliff-house-

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോ​ഗിക വസതിയായ ക്ലിഫ് ഹൗസിൽ 98 ലക്ഷം രൂപയുടെ നവീകരണ പ്രവ‍ർത്തനങ്ങൾ നടത്താൻ അനുമതിയായി. ഊരാളുങ്കൽ ലേബ‍ർ കോൺട്രാക്‌ട് സൊസൈറ്റി തയ്യാറാക്കിയ നൽകിയ എസ്റ്റിമേറ്റിനാണ് സ‍ർക്കാ‍ർ അനുമതി നൽകിയിരിക്കുന്നത്. ക്ലിഫ് ഹൗസിലെ സെക്യൂരിറ്റി ഗാർഡുകൾ,‍ ഡ്രൈവർമാർ, ഗണ്‍മാൻമാർ, അറ്റൻഡർമാർ എന്നിവരുടെ വിശ്രമ മുറികൾ നവീകരിക്കുന്നതിനാണ് 98 ലക്ഷത്തിന്‍റെ നിർമ്മാണ അനുമതി നൽകി ഉത്തരവിറങ്ങിയിരിക്കുന്നത്.

ടെൻഡറില്ലാതെ കരാർ ഊരാളുങ്കൽ സൊസൈറ്റിക്ക് കൈമാറാൻ പൊതുമരാമത്ത് വകുപ്പ് തീരുമാനമെടുത്തിട്ടുണ്ട്. പുതിയ സർക്കാർ അധികാരമേൽക്കുമ്പോൾ മന്ത്രിമാർ അവരുടെ ഔദ്യോഗിക വസതികളിലും ഓഫീസുകളിലും അറ്റകുറ്റപ്പണിയും മാറ്റങ്ങളും നിർദേശിക്കാറുണ്ട്. ഇതനുസരിച്ച് പൊതുമരാമത്ത് വകുപ്പ് എസ്റ്റിമേറ്റ് തയാറാക്കി ടെൻഡർ നൽകും. അടിയന്തരമായി ചെയ്യേണ്ട ജോലികൾ ആയതിനാൽ ടെൻഡർ വിളിക്കാതെ അക്രഡിറ്റഡ് കരാറുകാർക്ക് നിർമാണച്ചുമതല കൈമാറുകയാണ് പതിവ്.

വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് വൻ തുക മുടക്കി മന്ത്രി മന്ദിരങ്ങൾ മോടിപിടിപ്പിച്ചത് വിവാദമായതോടെ അന്നു മന്ത്രിമാരായിരുന്ന കോടിയേരി ബാലകൃഷ്‌ണനും സി.ദിവാകരനും കൂടുതൽ ആരോപണങ്ങൾ ഒഴിവാക്കാൻ ഔദ്യോഗിക വസതി വിട്ട് സ്വന്തം വീടുകളിലേക്ക് മാറിയിരുന്നു. കോടിയേരി 17 ലക്ഷവും ദിവാകരൻ 11 ലക്ഷവുമാണ് അന്നു നവീകരണത്തിനായി ചെലവിട്ടത്.

ഉമ്മൻചാണ്ടി സർക്കാർ 4.3 കോടി രൂപയാണ് ഭരണമേറ്റപ്പോൾ മന്ത്രി മന്ദിരങ്ങൾ നവീകരിക്കാൻ ചെവാക്കിയത്. ഒന്നാം പിണറായി സർക്കാർ മന്ത്രി മന്ദിരങ്ങൾ നവീകരിക്കാൻ ആകെ ചെലവാക്കിയ തുക 90 ലക്ഷമെന്നായിരുന്നു 2018ൽ വിവരാവകാശ നിയമ പ്രകാരം പുറത്തുവിട്ട കണക്ക്.