തിരുവനന്തപുരം: സ്റ്റുഡന്‍റ്സ് പൊലീസ് കേഡറ്റ് തിരുവനന്തപുരം സിറ്റിയുടെ ആഭിമുഖ്യത്തിൽ ഓക്‌സിജൻ ചലഞ്ചിനായി നാലുലക്ഷം രൂപ സമാഹരിച്ചു. തിരുവനന്തപുരം റീജണൽ ക്യാൻസർ സെന്‍റർ, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലെ രോഗികൾക്കായി ഉപയോഗപ്പെടുത്തുന്നതിന് വേണ്ടി ചെക്കുകൾ സീനിയർ കേഡറ്റ് കുമാരി ആദ്യ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിന് കൈമാറി.
മാതൃകാപരമായ സംരംഭത്തെ ആരോഗ്യ മന്ത്രി അഭിനന്ദിച്ചു. രണ്ടായിരത്തോളം ഓക്‌സിജൻ സിലിണ്ടറുകൾ ഈ തുകയിലൂടെ ശേഖരിക്കുവാൻ കഴിയും. ഒരൊറ്റ മനസോടു കൂടിയാണ് തിരുവനന്തപുരം സിറ്റി എസ് പി സി ടീം ഈ പ്രവർത്തനത്തിനായി സഹകരിച്ചത്.
നേരത്തെ സമാനമായി പി പി ഇ കിറ്റുകളും കൈമാറിയിരുന്നു. കേഡറ്റുകളുടെ നേതൃത്വത്തിൽ രക്തദാനം മെഡിസിൻ വിതരണം എന്നിവയും നടന്നു വരുന്നുണ്ട്.