പകുതിയോളം പിടികൂടിയത് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ്
അത്ര തന്നെ കഞ്ചാവ് വിവിധ പൊലീസ് സ്റ്റേഷനുകളിലായും പിടികൂടി
ലോക് ഡൗണിനെ തുടർന്ന് സംസ്ഥാനത്തെ മദ്യവിൽപ്പനശാലകളും ബാറുകളും അടച്ചതോടെ കഞ്ചാവിന് ഡിമാൻ്റ് കൂടിയിട്ടുണ്ട്. നൂറ് രൂപ മുടക്കിയാൽ ഒരു ബീഡി വലിപ്പത്തിൽ ലഭിക്കുന്ന കഞ്ചാവുണ്ടെങ്കിൽ ചിലർക്ക് ഒന്നോ രണ്ടോ ദിവസം കുശാലാണ്. ലോക് ഡൗണിൽ തൊഴിൽ രഹിതരായി വീടുകളിൽ കഴിയുന്നവരിൽ പലരും മാനസിക പിരിമുറുക്കം നേരിടുന്നവരാണ്. മാനസികോല്ലാസത്തിന് യാതൊരു വഴിയും ഇല്ലാതിരിക്കെ സാമ്പത്തിക പ്രയാസം കൂടി നേരിടേണ്ടിവരുന്ന പലരും ലഹരിയിലാണ് അഭയം തേടുന്നത്.
തിരുവനന്തപുരം: കേരളം കഞ്ചാവിന്റെ കലവറയോ? എക്സൈസ് കമ്മിഷണറുടെ കീഴിലുള്ള സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് 2500 കിലോ കഞ്ചാവാണ് കഴിഞ്ഞ വർഷം പിടികൂടിയത്. ഈ വർഷം ഇതുവരെ 657 കിലോഗ്രാമും. സംസ്ഥാനത്തെവിടെയും പരിശോധന നടത്താൻ അധികാരമുള്ള കമ്മിഷണർ സ്ക്വാഡിന് പുറമേ റേഞ്ചുകളിലും സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലും പിടികൂടിയ കഞ്ചാവിന്റെ കണക്ക് കൂടി വരുമ്പോൾ കഴിഞ്ഞ വർഷത്തെ പിടിത്തം ഏതാണ്ട് അയ്യായിരം കിലോയിലധികംവരും.
എത്തുന്നത് ആന്ധ്രയിൽ നിന്ന്
കേരളത്തിലേക്കുള്ള കഞ്ചാവിന്റെ നല്ലൊരുശതമാനവുമെത്തുന്നത് ആന്ധ്രയിൽ നിന്നാണ്. ആന്ധ്രയിലെ നക്സൽ മേഖലകളിൽ തമ്പടിച്ച് വർഷങ്ങളായി കേരളത്തിലേക്ക് കഞ്ചാവ് കടത്തിയിരുന്ന കുപ്രസിദ്ധ കടത്തുകാരിൽ പലരെയും എക്സൈസും പൊലീസും അവരുടെ മടകളിലെത്തി പൊക്കി അകത്താക്കിയെങ്കിലും കേരളത്തിലേക്കുള്ള കഞ്ചാവിന്റെ ഒഴുക്കിന് യാതൊരു കുറവുമില്ലെന്നാണ് കണക്കുകൾ കാണിക്കുന്നത്. മലയാളികൾ വിശേഷിച്ച് യുവാക്കൾ മദ്യത്തേക്കാൾ കൂടുതൽ കഞ്ചാവിന് അടിമകളായി മാറുന്നതാണ് ഇതിന് കാരണം.
സൗകര്യപ്രദവും അധികലഹരിയും
മദ്യത്തേക്കാൾ ലഹരി പ്രദാനം ചെയ്യുമെന്നതാണ് യുവാക്കളെ കഞ്ചാവിലേക്ക് ആകർഷിക്കുന്നത്. വിലയുടെ കാര്യത്തിൽ മദ്യവുമായി താരതമ്യം ചെയ്യുമ്പോൾ ഒരു കുപ്പി മദ്യത്തേക്കാൾ കഞ്ചാവ് കൂടുതൽ തവണ ഉപയോഗിക്കാൻ കഴിയും. മദ്യത്തെപ്പോലെ ഗന്ധമില്ലാത്തതിനാൽ വീട്ടുകാർക്കോ അടുത്തിടപെടുന്നവർക്കോ പെട്ടെന്ന് തിരിച്ചറിയാനും കഴിയില്ല. മദ്യത്തെക്കോൾ സുലഭമായി കഞ്ചാവ് കേരളത്തിൽ ലഭിക്കുമെന്നായതോടെ യുവാക്കളിൽ നല്ലൊരു ശതമാനവും ഇതിന് ഇരകളായി കഴിഞ്ഞു.
'ബംഗാളികൾ' ജനകീയമാക്കി
അന്യസംസ്ഥാന തൊഴിലാളികളുടെ കടന്നുവരവാണ് കേരളത്തെ കഞ്ചാവിന്റെ കേന്ദ്രമാക്കി മാറ്റിയത്. വർഷങ്ങൾക്ക് മുമ്പ് ഇടുക്കിയിലും വയനാട്ടിലും വനങ്ങളിലും വിജനമായ സ്ഥലങ്ങളിലും അപൂർവ്വമായി കൃഷി ചെയ്തിരുന്ന കഞ്ചാവ് ഇപ്പോൾ കേരളത്തിലെ നാട്ടിൻ പുറങ്ങളിലെവിടെയും കിലോ കണക്കിന് ലഭ്യമാകുന്ന സ്ഥിതിയായി. സ്വന്തം ഉപയോഗത്തിനായി കഞ്ചാവിന്റെ കടത്തും വിൽപ്പനയും നടത്തുന്നവരെക്കാൾ കണക്കില്ലാത്ത ലാഭം മോഹിച്ച് കഞ്ചാവ് കച്ചവടത്തിനിറങ്ങിത്തിരിച്ചിരിക്കുന്ന ഒരു സംഘമാണ് സംസ്ഥാനത്തെ ലഹരിയുടെ പുകച്ചുരുളുകളിലാക്കിയത്.കിലോയ്ക്ക് രണ്ടായിരം രൂപയ്ക്കും മറ്റും ആന്ധ്രയിൽ ലഭിക്കുന്ന കഞ്ചാവ് അതിർത്തികൾ പിന്നിട്ട് കേരളത്തിലെത്തുമ്പോൾ പതിനയ്യായിരത്തിലധികം രൂപയ്ക്കാണ് വിൽപ്പന. ഒരു കിലോയ്ക്ക് പതിനായിരത്തിന് മുകളിലാണ് ലാഭം.
ആഡംബര വാഹനങ്ങളിലുൾപ്പെടെ രഹസ്യ അറകൾ
ദീർഘദൂര ട്രെയിൻ - ബസ് സർവ്വീസുകളിലായിരുന്നു കിലോ കണക്കിന് കഞ്ചാവ് കേരളത്തിലെത്തിയിരുന്നതെങ്കിൽ പിന്നീട് ആഡംബര കാറുകളിലും ചരക്ക് ലോറികളിലുമായി കടത്ത്. ലോറികളിലും വാഹനങ്ങളിലും രഹസ്യ അറകളിലൊളിപ്പിച്ച് കടത്തുന്നതിനാൽ എക്സൈസിനോ പൊലീസിനോ പെട്ടെന്ന് പരിശോധനയിലൂടെ ഇത് കണ്ടെത്താനും സാധിക്കില്ല.
എക്സൈസ് എൻഫോഴ്സ് മെന്റ് സ്ക്വാഡ് @ 2020
കഞ്ചാവ് -2500 കിലോ
ഹാഷിഷ് -60 കിലോ
സ്പിരിറ്റ് - 3000 ലിറ്റർ
വാഹനങ്ങൾ- ഒമ്പത് ലോറിയും ആഡംബര കാറുകളും ഉൾപ്പെടെ 36 വാഹനങ്ങൾ
പണം-1.5 കോടി
2021
കഞ്ചാവ് -657 കിലോ
പുകയില ഉൽപ്പന്നങ്ങൾ- 3.5 ടൺ
വാഹനങ്ങൾ- ലോറി ഉൾപ്പെടെ രണ്ടെണ്ണം