കൊല്ലം : കൊട്ടാരക്കര അന്തമൺ പാറക്കുളത്തിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം ആണെന്ന് തെളിഞ്ഞു, രണ്ടുപേർ പിടിയിൽ. പുത്തൂർമുക്ക് തടത്തിൽ മനുഭവനിൽ എസ്. മനുരാജ് (32) ആണ് മരിച്ചത്. കഴിഞ്ഞ ജനുവരി അഞ്ചിന് ആയിരുന്നു പാറക്കുളത്തിൽ മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പട്ടാഴി തെക്കേതേരി നരിക്കോട് പുത്തൻ വീട്ടിൽ പൗലോസ് (71), കലയപുരം പാറവിള വിഷ്ണു ഭവനത്തിൽ മോഹനൻ(44) എന്നിവരെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ജനുവരി രണ്ടുമുതൽ മനുരാജിനെ കാണാതായതോടെ ബന്ധുക്കൾ കൊട്ടാരക്കര പൊലീസിൽ പരാതി നൽകിയിരുന്നു. പരാതി നൽകിയതിന്റെ അടുത്ത ദിവസമാണ് ഭാര്യ അശ്വതിയുടെ വീടിന് സമീപത്തെ പാറക്കുളത്തിൽ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിൽ തലയ്ക്കേറ്റ ക്ഷതം മരണകാരണമെന്ന് വ്യക്തമാക്കിയിരുന്നു. സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ടും കൊലപാതകം ആണെന്ന സൂചന നൽകി. ഇതേത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണമാണ് കൊലപാതകം തെളിയിച്ചത്.
ഒന്നിച്ച് മദ്യപിച്ച ശേഷം തലയ്ക്കടിച്ചുകൊന്നു
പൗലോസും മോഹനനും മനുരാജും ഒന്നിച്ചാണ് കൂലിപ്പണിയ്ക്കും മരംവെട്ടിനുമൊക്കെ പോയിരുന്നത്. ജനുവരി രണ്ടിന് ജോലികഴിഞ്ഞ മൂവരും പൗലോസിന്റെ വീട്ടിൽ കൂടി. മദ്യപിക്കുന്നതിനിടയിൽ മരക്കച്ചവടം നടത്തിയ പണത്തെചൊല്ലി തർക്കമായി. വാക്കുതർക്കം കയ്യാങ്കളിയിലേക്ക് മാറി. ഇതിനിടയിൽ അവിടെക്കിടന്ന മരക്കമ്പുകൊണ്ട് പൗലോസ് മനുരാജിനെ അടിച്ചു. തലയ്ക്ക് അടിയേറ്റ മനുരാജ് കുഴഞ്ഞുവീണു. നിമിഷങ്ങൾക്കകം മരിച്ചു. മനുരാജ് മരിച്ചുവെന്ന് ഉറപ്പായതോടെ പൗലോസും മോഹനനും മൃതദേഹം ഒളിപ്പിക്കാനുള്ള തത്രപ്പാടിലായിരുന്നു. രാത്രിയിലാണ് മൃതദേഹം പാറക്കുളത്തിൽ തള്ളിയത്.
പാറക്കുളത്തിൽ നിന്നും മൃതദേഹം കണ്ടെത്തിയതോടെ ഇരുവരും വീണ്ടും അങ്കലാപ്പിലായി. മറ്റുള്ളവർക്ക് സംശയം ഉണ്ടാകാതിരിക്കാൻ പരമാവധി പരിശ്രമിച്ചു. പൊലീസ് അന്വേഷണം തുടങ്ങിയെന്ന സൂചന ലഭിച്ചതോടെ പൗലോസ് തന്റെ ചെറിയ വീട് കത്തിച്ചു. തെളിവ് നശിപ്പിക്കാൻ വേണ്ടിയാണ് വീട് കത്തിച്ചതെന്ന് പൊലീസിന് സംശയം തോന്നിയതിനാൽ ഫോറൻസിക് ഉദ്യോഗസ്ഥരെ വരുത്തി ഇവിടെ തെളിവെടുപ്പ് നടത്തി. പിന്നീടാണ് പൗലോസിനെയും മോഹനനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ആദ്യം കൊലപാതകമാണെന്ന് ഇരുവരും സമ്മതിച്ചില്ല. തെളിവുകൾ നിരത്തി പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കുറ്റസമ്മതമുണ്ടായത്.