whatsapp

ന്യൂഡൽഹി: ഫെബ്രുവരിയിൽ അവതരിപ്പിച്ച ഇൻഫർമേഷൻ ടെക്നോളജി റൂൾസ് 2021നെതിരായ വാട്ട്സാപ്പിന്റെ നിയമപരമായ വെല്ലുവിളിയിൽ പ്രതികരണവുമായി കേന്ദ്രസർക്കാർ. പൗരൻമാരുടെ സ്വകാര്യതയ്ക്കുളള അവകാശം ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും എന്നാൽ ഇത് ന്യായമായ നിയന്ത്രണങ്ങൾക്ക് വിധേയമാണെന്നും കേന്ദ്ര ഐടി മന്ത്രി രവിശശങ്കർ പ്രസാദ് പറഞ്ഞു. ഒരു മൗലികാവകാശവും അനിയന്ത്രിതമല്ല. ക്രമസമാധാന പാലനവും ​​ദേശീയ സുരക്ഷയും ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സന്ദേശത്തിന്റെ ഉത്ഭവം വെളിപ്പെടുത്താൻ വാട്ട്സാപ്പിനോട് ആവശ്യപ്പെട്ടത്, ‍ഇന്ത്യയുടെ പരമാധികാരം, സമ​ഗ്രത, ഭരണകൂടത്തിന്റെ സുരക്ഷ, വിദേശ രാജ്യങ്ങളുമായുളള ബന്ധം എന്നിവയുമായി ബന്ധപ്പെട്ട ​ഗുരുതരമായ കുറ്റകൃത്യങ്ങൾ തടയുന്നതിനും അന്വേഷിക്കുന്നതിനും ശിക്ഷ ഉറപ്പാക്കുന്നതിനും മാത്രമാണ്. മേൽ പറഞ്ഞവയുമായി ബന്ധപ്പെട്ട അല്ലെങ്കിൽ ബലാത്സം​ഗം, ലെെം​ഗികത പ്രകടമാക്കുന്ന കാര്യങ്ങൾ, കുട്ടികളെ ലെെം​ഗികമായി ദുരുപയോ​​ഗം ചെയ്യുന്ന വസ്തുക്കൾ, കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്ന കാര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കും ഈ വിവരങ്ങൾ ഉപയോ​ഗിക്കുമെന്നും രവിശങ്കർ പറഞ്ഞു.

കേന്ദ്രസർക്കാർ ഇൻഫർമേഷൻ ടെക്നോളജി (ഇന്റർമീഡിയറി ഗൈഡ്ലൈൻസ് ആൻഡ് ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ്) റൂൾസ് 2021 പ്രകാരം വാട്ട്സ്ആപ്പിലെ ഫോർവേഡ് മെസേജുകളുടെ കാര്യത്തിൽ ആദ്യം ആരാണ് അത് പോസ്റ്റ് ചെയ്തത് എന്നറിയാനുള്ള സംവിധാനം ഒരുക്കണം എന്നായിരുന്നു കമ്പനിയോട് ആവശ്യപ്പെട്ടത്. എന്നാൽ ഇത് പക്ഷെ വാട്ട്സാപ്പിന്റെ സ്വകാര്യത പരിരക്ഷകൾ ലംഘിക്കുന്നതാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് അവർ ചെവ്വാഴ്ച കോടതിയിൽ കേസ് ഫയൽ ചെയ്തത്. ഇന്ത്യയുടെ ഭരണഘടന പൗരന്മാർക്ക് നൽകുന്ന സ്വകാര്യത അവകാശങ്ങളുടെ ലംഘനമാണെന്ന് ഈ നിയമം എന്ന് പ്രഖ്യാപിക്കണമെന്ന് വാട്ട്സ്ആപ്പ് ആവശ്യപ്പെടുന്നു.

തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജവുമായ മെസേജുകളുടെ ഉറവിടം വെളിപ്പെടുത്താനാണ് പുതിയ നിയമം വാട്ട്സാപ്പിനോട് ആവശ്യപ്പെടുന്നത് എങ്കിലും പ്രായോഗികമായി അത് മാത്രം ചെയ്യാൻ കഴിയില്ലെന്ന് കമ്പനി പറയുന്നു. സന്ദേശങ്ങൾ എൻഡ്-ടു-എൻഡ് എൻ‌ക്രിപ്റ്റ് ചെയ്‌തിരിക്കുന്നതിനാൽ, നിയമം അനുസരിക്കുന്നതിന് വാട്ട്സാപ്പ സന്ദേശം അയക്കുന്ന ആളുടെയും സ്വീകരിക്കുന്ന ആളുടെയും എൻ‌ക്രിപ്ഷനിൽ ഇടപെടേണ്ടി വരും. ഇത് വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റവും, ആപ്പിന്റെ വിശ്വാസ്യതയെ തകർക്കുന്നതും ആണെന്നാണ് കമ്പനി വാദിക്കുന്നത്.