ration-shops-kerala

​​​​​​തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്സിൻ മുൻഗണനാ പട്ടികയിൽ കൂടുതൽ ആളുകളെ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ. സിവിൽ സപ്ലൈസ്, സപ്ലൈകോ, ലീഗൽ മെട്രോളജി, സർക്കാർ പ്രസ്, ടെക്സ്റ്റ് ബുക്ക് അച്ചടി, പാസ്പോർട്ട് ഓഫീസ് ജീവനക്കാർ എന്നിവരെയാണ് ഉൾപ്പെടുത്തിയത്. ഈ മാസം 31 മുതൽ സെക്രട്ടേറിയറ്റിൽ 50 ശതമാനം ജീവനക്കാർ ഹാജരാകണം. നിയമസഭ നടക്കുന്നതിനാൽ അണ്ടർ സെക്രട്ടറിമാർ മുതൽ മുകളിലോട്ടുള്ള ഉദ്യോഗസ്ഥരെല്ലാം സെക്രട്ടേറിയേറ്റിലുണ്ടെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ബ്ലാക്ക് ഫംഗസ് രോഗത്തിൻ്റെ ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകൾ ലഭ്യമാക്കാൻ കഴിയുമോ എന്ന് വിദേശത്തുള്ള മലയാളി സംഘടനകളോട് ആരാഞ്ഞിട്ടുണ്ട്. അവ ഉത്പാദിപ്പിക്കുന്ന കമ്പനികളുമായി നേരിട്ട് ബന്ധപ്പെട്ട് മരുന്ന് ലഭ്യമാക്കാൻ മെഡിക്കൽ സർവ്വീസ് കോര്‍പ്പറേഷനെ ചുമതലപ്പെടുത്താനും ആലോചിക്കുന്നുണ്ട്. വാക്സിൻ എടുത്തവർ അതിരുകവിഞ്ഞ സുരക്ഷാബോധം കൊണ്ടുനടക്കേണ്ട കാര്യമില്ല. രോഗം വന്നാലും രൂക്ഷത കുറവായിരിക്കും എന്നേയുള്ളൂ. വാക്സിൻ എടുത്തവരിലും രോഗബാധയുണ്ടാവാം. രോഗവാഹകരായി ഇവർ മാറാനും സാദ്ധ്യതയുണ്ട്.

ആശുപത്രികളിൽ പോകുന്നതിൽ ബുദ്ധിമുട്ടുകൾ നേരിടുന്നതിനാൽ സർക്കാരിൻ്റെ ഇ സജ്ഞീവനി ആപ്പ് വഴി ടെലിമെഡിസൻ സൗകര്യം ഉപയോഗപ്പെടുത്തി ചികിത്സ തേടേണ്ടതാണ്. കൊവിഡ് പ്രതിരോധ സാമഗ്രികൾക്ക് സർക്കാർ വില നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ, ഈ സാധനങ്ങൾക്ക് മെഡിക്കൽ സ്റ്റോറുകളിൽ അടക്കം കൂടിയ വിലയാണ് ഈടാക്കുന്നത്. ഇത്തരം നടപടികൾ കണ്ടെത്താനായി എല്ലാ ജില്ലകളിലും പ്രത്യേക സംഘങ്ങൾ പരിശോധന ആരംഭിച്ചു. കൂടുതൽ വില ഈടാക്കുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതടക്കമുള്ള നിയമനടപടികൾ സ്വീകരിക്കാനാണ് നിർദേശം.

ഗുണനിലവാരമില്ലാത്തതും കമ്പനികളുടെ പേരും വിലയും ഇല്ലാത്ത പൾസ് ഓക്സിമീറ്ററുകൾ വാങ്ങാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന മുഖ്യമന്ത്രി പറഞ്ഞു. ശരീരത്തിൻ്റെ ഓക്സിജൻ നില മനസിലാക്കേണ്ടത് കൊവിഡ് രോഗികളുടെ സുരക്ഷയ്ക്ക് ആവശ്യമാണ്. ഗുണനിലവാരമുള്ള ഓക്സിമീറ്ററുകളെ ഉപയോഗിക്കാൻ പാടുള്ളു. മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ ഗുണനിലവാരം പരിശോധിച്ച് ചുരുക്കപട്ടികയിൽ ഉൾപ്പെടുത്തിയ കമ്പനികളുടെ പൾസ് ഓക്സിമീറ്റർ മാത്രമേ വാങ്ങാവൂ. ആ പട്ടിക ഉടനെ പരസ്യപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.