
ന്യൂഡൽഹി: ബാബാ രാംദേവ് വാക്സിനേഷൻ സംബന്ധിച്ച തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. രാജ്യദ്രോഹ നിയമപ്രകാരം രാംദേവിനെതിരെ നടപടി സ്വീകരിക്കണമെന്നും കത്തിൽ ഐ.എം.എ ആവശ്യപ്പെട്ടു.
രണ്ടു ഡോസ് കൊവിഡ് വാക്സിൻ എടുത്തതിനു ശേഷവും 10,000 ഡോക്ടർമാർ മരിച്ചുവെന്നും അലോപതി മരുന്നുമൂലം ലക്ഷക്കണക്കിന് പേർ മരിച്ചുവെന്നും അവകാശപ്പെടുന്ന വീഡിയോ വേദനയോടെ നിങ്ങളുടെ ശ്രദ്ധയിൽ പെടുത്താൻ ആഗ്രഹിക്കുന്നതായി കത്തിൽ ഐ.എം.എ പറയുന്നു. ഈ ആരോപണങ്ങൾ രാംദേവ് ഉന്നയിച്ചതാണെന്നും വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായതായും അവർ ചൂണ്ടിക്കാട്ടി.
വാക്സിനേഷനെ സംബന്ധിച്ച് ജനങ്ങളിൽ ഭയം ജനിപ്പിക്കുന്ന സന്ദേശം പ്രചരിപ്പിക്കുന്നവർക്കെതിരെ ഉചിതമായ നടപടികൾ സ്വീകരിക്കണം. തങ്ങളുടെ കമ്പനി ഉത്പന്നങ്ങൾ ഉപയോഗിച്ചുളള ചികിത്സയ്ക്കായി സർക്കാർ പ്രോട്ടോക്കോളുകളെ വെല്ലുവിളിക്കുന്ന ഇത്തരം വ്യക്തികൾക്കെതിരെ കാലതാമസം കൂടാകെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു.
കൊവിഡിനെ മറികടക്കുന്നതിനായി 18നു മുകളിൽ പ്രായമുളള എല്ലാവർക്കും വാക്സിൻ നൽകാനുളള താങ്കളുടെ പ്രതിജ്ഞാബദ്ധതയെ ഐ.എം.എ മുന്നിൽ നിന്നു നയിക്കുന്നു. വാക്സിനേഷൻ യജ്ഞം ആരംഭിച്ചപ്പോൾ രാജ്യത്തെങ്ങുമുളള ഐ.എം.എ അംഗങ്ങൾ വാക്സിൻ സ്വീകരിക്കുന്നതിനായി മുന്നിട്ട് നിന്നവരാണ്. ഇതിലൂടെ വാക്സിൻ സ്വീകരിക്കുന്നതിനോടുളള വിമുഖതയകറ്റാനായതായും ഐ.എം.എ പ്രധാനമന്ത്രിക്കയച്ച കത്തിൽ അവകാശപ്പെട്ടു.