ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ഫാസ്റ്റ് ട്രാക്ക് ബയോമെട്രിക് പാസ്പോർട്ട് നിയന്ത്രണ സംവിധാനത്തിലുടെ യാത്രകാർക്ക് ഒൻപത് സെക്കൻഡിനുള്ളിൽ നടപടികൾ പൂർത്തിയാക്കാൻ കഴിയുമെന്ന് അധികൃതർ. കണ്ണും മുഖവും ക്യാമറയിൽ കാണിച്ച് എമിഗ്രേഷൻ നടപടികൾ പൂർത്തീകരിക്കാൻ സഹായിക്കുന്ന അത്യാധുനിക സംവിധാനമാണിത്.
122 സ്മാർട്ട് ഗേറ്റുകളിൽ പുതിയ ബയോമെട്രിക് സംവിധാനം ലഭ്യമാക്കിയിട്ടുണ്ടെന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഒഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ് തലവൻ മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു. ദുബായ് എയർപോർട്ട് ടെർമിനൽ 3- ബിസിനസ് ക്ലാസ് യാത്രക്കാരുടെ ഭാഗത്ത് ഫെബ്രുവരി 22നാണ് ഈ സംവിധാനം ഔദ്യോഗികമായി ആരംഭിച്ചത്.
കൊവിഡ് പശ്ചാത്തലത്തിൽ എവിടെയും സ്പർശിക്കാതെ നടപടികൾ പൂർത്തിയാകാൻ സഹായിക്കുന്ന ഇത്തരത്തിലുള്ള സംവിധാനത്തിലൂടെയുള്ള യാത്ര സഞ്ചാരികളുടെ ആത്മവിശ്വാസം വർദ്ധിക്കാൻ കാരണമായെന്ന് അൽമർറി പറഞ്ഞു.