delhi-vaccine

ന്യൂഡൽഹി: നിർമാതാക്കളിൽ നിന്നും ഡൽഹി സർക്കാരിന് എത്രത്തോളം വാക്സിൻ നേരിട്ട് വാങ്ങാമെന്നതിന് കേന്ദ്രം നിർദ്ദിഷ്ട ക്വാട്ട നിശ്ചയിച്ചിട്ടുണ്ടെന്ന് കാണിക്കുന്ന രേഖകൾ പുറത്ത്. ക്വാട്ട നിശ്ചയിച്ച നടപടി മേയ് ഒന്നിന് പ്രാബല്യത്തിൽ വന്ന ഉദാരവത്കരിച്ച വാക്സിൻ നയത്തിന് വിരുദ്ധമാണെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഏപ്രിൽ 21ന് പ്രഖ്യാപിച്ച നയപ്രകാരം വാക്സിൻ നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യ, ഭാരത് ബയോടെക് എന്നിവയുടെ സ്റ്റോക്കിന്റെ 50 ശതമാനം വരെ നേരിട്ട് വാങ്ങാൻ സംസ്ഥാന സർക്കാരുകളെയും സ്വകാര്യ ആശുപത്രികളെയും അനുവദിച്ചിരുന്നു.

വാക്സിൻ വിതരണ ചുമതലകളിൽ നിന്നും കേന്ദ്രം പിൻമാറി സംസ്ഥാനങ്ങളെ ഏൽപ്പിച്ചതിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. വാക്സിൻ വാങ്ങാൻ സംസ്ഥാനങ്ങൾക്ക് സ്വാതന്ത്ര്യം നൽകുകയാണെന്ന ന്യായീകരണമാണ് അന്ന് കേന്ദ്രം വിമർശനങ്ങൾക്ക് മറുപടിയായി നൽകിയത്. എന്നാൽ ഇതിന് വിരുദ്ധമായാണ് വാങ്ങാൻ സാധിക്കുന്ന വാക്സിന് പരിധി നിശ്ചയിച്ച് ഡൽഹി സർക്കാരിന് കത്തയച്ചിരിക്കുന്നതെന്ന് ദേശീയ മാദ്ധ്യമങ്ങൾ പറയുന്നു.

കേന്ദ്ര ആരോഗ്യമന്ത്രാലയം അഡീഷനൽ സെക്രട്ടറി മനോഹർ അഗ്നാനി, ഡൽഹി ആരോഗ്യ മന്ത്രാലയം പ്രിൻസിപ്പൽ സെക്രട്ടറി വിക്രം ദേവ് ദത്തിനയച്ച കത്തിൽ ജൂണിൽ മൂന്നു ലക്ഷം ഡോസ് കൊവിഷീൽഡും 92,000 ഡോസ് കൊവാക്സിനുമാണ് ഡൽഹി സർക്കാരിന് വാങ്ങാൻ സാധിക്കുക എന്ന് പറയുന്നു. 45 വയസ്സിന് മുകളിലുള്ളവർക്ക് വാക്സിൻ സൗജന്യമായി നൽകുന്നത് കേന്ദ്രം തുടരുമെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

18നും 44നും ഇടയിൽ പ്രായമുളളവർക്ക് ആനുപാതികമായാണ് ഓരോ സംസ്ഥാനങ്ങൾക്കും നേരിട്ട് വാക്സിൻ വാങ്ങാൻ സാധിക്കുക എന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. 67 ലക്ഷം വാക്സിന് ഓർഡർ നൽകിയതായി ഏപ്രിൽ 26ന് ഡൽഹി സർക്കാർ വ്യക്തമാക്കിയിരുന്നു. പക്ഷേ തുശ്ചമായ ഡോസുകൾ മാത്രമാണ് ഇതുവരെ ലഭിച്ചിട്ടുളളത്. സംസ്ഥാനങ്ങളുടെ ആവശ്യത്തിനനുസരിച്ച് വാക്സിൻ ഉത്പാദിപ്പിക്കാൻ സാധിക്കില്ലെന്ന് കമ്പനികളും വ്യക്തമാക്കിയിരുന്നു.