flipkart

ബംഗളൂരു: കഴിഞ്ഞ മൂന്ന് മാസത്തിനിടെ വാൾമാർട്ട് ഉടമസ്ഥതയിലുള്ള ഇ-കൊമേഴ്സ് സ്ഥാപനമായ ഫ്ലിപ്‌കാർട്ട് തൊഴിൽ നൽകിയത് 23000 പേർക്ക്. 2021 മാർച്ച് മാസം മുതൽ മേയ് മാസം വരെയുള്ള കണക്കാണിത്. ഇന്ത്യയിലെമ്പാടും വിവിധ വിഭാഗങ്ങളിലായി ഡെലിവറി എക്സിക്യുട്ടീവുമാർ അടക്കമുള്ളവർക്കാണ് തൊഴിൽ കിട്ടിയത്. മഹാമാരിയെ ഭയന്ന് ആളുകൾ വീടുകളിൽ തന്നെ കഴിയുന്നതിനാൽ ഇ-കൊമേഴ്സിനെ ആശ്രയിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണെന്ന് ഫ്ലിപ്‌കാർട്ട് സീനിയർ വൈസ് പ്രസിഡന്റ് ഹേമന്ത് ബദ്രി പറയുന്നു. തങ്ങൾ മുഖ്യ പരിഗണന നൽകുന്നത് ഉപഭോക്താക്കളുടെ ആവശ്യം നിറവേറ്റുന്നതിനാണെന്നും അതൊടൊപ്പം ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. വിതരണ ശൃംഖലയിൽ പ്രവർത്തിക്കുന്ന തങ്ങളുടെ ജീവനക്കാർക്കെല്ലാം മാഹാമാരിക്കാലത്ത് പാലിക്കേണ്ട കരുതലിനെ കുറിച്ച് പരിശീലനവും കമ്പനി നൽകുന്നുണ്ട്. പുതുതായി ജോലിക്കെടുത്ത എല്ലാവർക്കും ആരോഗ്യവുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങൾ ഉറപ്പാക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.