ന്യൂഡൽഹി: ഇസ്രയേലിൽ നിന്നും നാലു ഹെറോൺ മാർക്ക്-ടു ഡ്രോണുകൾ ഇന്ത്യയ്ക്ക് ലഭിക്കും. തന്ത്ര പ്രധാനമായ ഇന്ത്യ-ചെെന അതിർത്തി മേഖലയിൽ (എൽ.എ.സി) നിരീക്ഷണ ശേഷി വർദ്ധിപ്പിക്കുന്നതിനായാണ് ഇന്ത്യ ഈ ഡ്രോണുകൾ വാങ്ങുന്നത്. നൂതനമായ ഈ ആളില്ലാ വിമാനങ്ങൾക്ക് 35,000 അടി ഉയരത്തിൽ വരെ പറന്ന് ആക്രമണം നടത്താനും നിരീക്ഷിച്ച കൃത്യമായ ലക്ഷ്യത്തിലെത്താനും സാധിക്കും.
അടുത്ത രണ്ട് മാസത്തിനുളളിൽ ആദ്യത്തെ രണ്ട് ഹെറോൺ ഡ്രോണുകൾ കരസേനയ്ക്ക് കെെമാറും. ഇസ്രയേലുമായുളള പാട്ട കരാർ പ്രകാരം വർഷം അവസാനിക്കുന്നതിനു മുൻപു തന്നെ മറ്റു രണ്ടു ഡ്രോണുകളും ലഭ്യമാകുമെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രയേൽ വ്യോമസേനയുടെ ഏറ്റവും വലിയ ആയുധങ്ങളിലൊന്നാണ് ഹെറോൺ.
470 കിലോഗ്രാം ആയുധങ്ങൾ വരെ വഹിക്കാൻ ശേഷിയുള്ള ഹെറോൺ 350 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കും. അതിർത്തി കടന്ന് ആക്രമണം നടത്തി തിരിച്ചുവരാൻ ഇവയ്ക്ക് ശേഷിയുണ്ട്. ഡ്രോണിന്റെ നീളം 8.5 മീറ്ററും വിങ്സ്പാൻ 16.6 മീറ്ററുമാണ്. ഏതു ഇരുട്ടിലും വ്യക്തമായ വിവരങ്ങൾ കണ്ടെത്താൻ കഴിയുന്ന സാങ്കേതിക സംവിധാനങ്ങളുള്ള ഡ്രോണുകൾ കമാൻഡോകൾക്ക് വലിയ സഹായമാണ്.
ഇസ്രയേൽ എയ്റോസ്പേസ് ഇൻഡസ്ട്രീസാണ് ഹെറോൺ ഡ്രോണുകൾ നിർമിക്കുന്നത്. ഫ്രാൻസ്, ഓസ്ട്രേലിയ, കാനഡ, തുർക്കി എന്നീ രാജ്യങ്ങളും ഇവ ഉപയോഗിക്കുന്നുണ്ട്. ഭീകരരുടെ താവളം കണ്ടെത്തി ആക്രമണം നടത്താൻ ഹെറോണിന് സാധിക്കും. സ്ഥലവും പ്രദേശത്തെ സംഭവികാസങ്ങളും തൽസമയം പകർത്തി സെെനിക കേന്ദ്രങ്ങൾക്ക് എത്തിച്ചു നൽകാനും ഇവയ്ക്ക് കഴിയും.