aravind-kejrival

ന്യൂഡൽഹി: കൊവിഡ് വാക്സിൻ വാങ്ങുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങൾക്ക് പരസ്പരം മത്സരിക്കാൻ സാധിക്കുകയില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. കേന്ദ്ര സർക്കാരിന്റെ വാക്സിൻ നയത്തെ വിമർശിച്ചുകൊണ്ട് ദേശീയ മാദ്ധ്യമമായ എൻഡിടിവിയോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ജനങ്ങൾക്ക് വാക്സിൻ നൽകുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ അതിന്റെ കടമ നിർവഹിക്കണമെന്നും ഡൽഹിയിലെയും രാജ്യത്തെയും ജനങ്ങളെ വാക്സിനേറ്റ് ചെയ്യുന്നതിനായി കേന്ദ്രം അടിയന്തരമായി ആവശ്യമുള്ള വാക്സിൻ സംഭരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

'സംസ്ഥാനങ്ങൾ സ്വന്തമായി വാക്സിൻ വാങ്ങിക്കൊള്ളണമെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. സംസ്ഥാനങ്ങൾ എല്ലാവരുമായി സംസാരിച്ചതാണ്. ഒരു സംസ്ഥാനത്തിന് പോലും അധിക ഡോസ് വാക്സിൻ ലഭിച്ചില്ല. ഇത് കേന്ദ്ര സർക്കാരിന്റെ ഉത്തരവാദിത്തമാണ്. സംസ്ഥാനങ്ങൾ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്. ലോകത്തെ നിരവധി വാക്സിൻ നിർമാതാക്കളുമായി സംസ്ഥാനങ്ങൾ ബന്ധപ്പെടാൻ ശ്രമിച്ചു. എന്നാൽ അവരാരും ഞങ്ങളോട് സംസാരിക്കാൻ തയ്യാറാകുന്നില്ല.'-ഡൽഹി മുഖ്യമന്ത്രി പറയുന്നു.

ഈ ഉത്തരവാദിത്തം സംസ്ഥാനങ്ങൾക്ക് വിടുകയല്ല കേന്ദ്രം ചെയ്യേണ്ടതെന്നും ഓരോ സംസ്ഥാനവും വാക്സിൻ നിർമാതാക്കളുമായി വിലപേശേണ്ടി വരുന്ന സാഹചര്യം ഉണ്ടാകരുതായിരുന്നു എന്നും കേജ്‌രിവാൾ ചൂണ്ടിക്കാട്ടി. പാകിസ്ഥാൻ ഇന്ത്യയുമായി യുദ്ധം ചെയ്യാൻ വരികയാണെങ്കിൽ സ്വയം പ്രതിരോധിക്കാനുള്ള ചുമതല കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നൽകുമായിരുന്നോ എന്നും, ഈ സാഹചര്യവുമായി ബന്ധപ്പെടുത്തികൊണ്ട് കേജ്‌രിവാൾ ചോദിക്കുന്നു.

ഡൽഹി ന്യൂക്ലിയർ ബോംബുകൾ നിർമിക്കണമെന്നും ഉത്തർപ്രദേശ് യുദ്ധടാങ്കുകൾ വാങ്ങണമെന്നും കേന്ദ്രം പറയുമോ. അരവിന്ദ് കേജ്‌രിവാൾ ചോദിച്ചു. ഇന്ത്യ നേരത്തെ തന്നെ കൂടുതൽ വാക്സിൻ നിർമിക്കുകയും അത് സംഭരിക്കുകയും ചെയ്തിരുന്നുവെങ്കിൽ രാജ്യത്ത് ഇത്രയും പേർ രോഗം ബാധിച്ച് മരിക്കുന്നത് ഒഴിവാക്കാമായിരുന്നു എന്നും കേജ്‌രിവാൾ അഭിപ്രായപ്പെട്ടു.

content details: delhi cm arvind kejriwal says vaccine should be made available by the narendra modi government.